ഇന്ധനവില വര്‍ധനവ് പ്രളയത്തില്‍ കഷ്ടപ്പെടുന്ന കേരളത്തിനെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചക വാതക വിലയില്‍ ദിനം പ്രതിയുണ്ടാകുന്ന വര്‍ധനവ് പ്രളയത്തില്‍ കഷ്ടപ്പെടുന്ന കേരളത്തിലെ ജനങ്ങളെ കൂടുതല്‍ ബുദ്ധിമുട്ടിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. തുടര്‍ച്ചയായി എട്ടാം ദിവസമാണ് ഇന്ധനവില വര്‍ധിക്കുന്നത്.

സംസ്ഥാനത്ത് പെട്രോള്‍ വില 82 രൂപ കടന്നു. ഡീസല്‍ വില 75.50 രൂപയിലധികവുമായി. സബ്‌സിഡിയിലാത്ത പാചക വാതക സിലിണ്ടറിന് 30 രൂപ വര്‍ധിച്ചു. ഡീസല്‍ വിലയിലുണ്ടാകുന്ന വര്‍ധനവ് സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാക്കും. വലിയൊരു പ്രളയം കേരളത്തെ എടുത്തുലുച്ച സമയമാണിത്. പലയിടത്തും കടകളില്‍ സാധനങ്ങള്‍ കിട്ടുന്നില്ല. ആ അവസ്ഥയില്‍ സാധനങ്ങളുടെ വില വര്‍ധിക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഉപഭോക്തൃ സംസ്ഥാനമായ കേരളമാണ് എപ്പോഴും ഇന്ധന വിലയുടെ തിക്ത ഫലങ്ങള്‍ കൂടുതല്‍ അനുഭവിക്കുന്നത്. സബ്‌സിഡിയില്ലാത്ത സിലിണ്ടറിന് വില വര്‍ധിക്കുന്നതോടെ അത് ഹോട്ടല്‍ ഭക്ഷണ വിലയിലും പ്രതിഫലിക്കും. അതും സാധാരണ ജനങ്ങളെ വലിയ തോതില്‍ ബാധിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ ഇന്ധനവില ഇന്ത്യയുടേതിലും പകുതിയേയുള്ളു. ഇന്ധനവില കുറക്കണമെന്ന് കേന്ദ്ര സര്‍ക്കാരിന് യാതൊരു താത്പര്യവുമില്ല എന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. തുടര്‍ച്ചയായി എട്ട് ദിവസം ഇന്ധന വില വര്‍ധിപ്പിച്ചതിലൂടെ ഇന്ത്യയിലെ ജനങ്ങളോട് യാതൊരു പ്രതിബദ്ധതയുമില്ലന്ന് മോദി സര്‍ക്കാര്‍ തെളിയിച്ചിരിക്കുകയാണെന്നും  ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top