വയോധികയെ കൊലപ്പെടുത്തിയ കേസില്‍ 91 കാരനായ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു

തൃശൂര്‍: വെള്ളിക്കുളങ്ങരയില്‍ വയോധികയെ കൊലപ്പെടുത്തിയ സംഭവത്തില്‍ 91 കാരനായ ഭര്‍ത്താവിന്റെ അറസ്റ്റ് പൊലിസ് രേഖപ്പെടുത്തി. വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകര വീട്ടില്‍ ചെറിയക്കുട്ടിയാണ് അറസ്റ്റിലായത്. ഇന്നുച്ചയോടെ ചാലക്കുടി കോടതിയില്‍ ഹാജരാക്കി. കൊലപാതകം, തെളിവുനശിപ്പിക്കല്‍, അന്വേഷണം വഴിതെറ്റിക്കല്‍ തുടങ്ങിയ കേസുകളാണ് ഇയാളുടെ മേല്‍ ചുമത്തിയിട്ടുള്ളത്. എണ്‍പതുവയസുള്ള ഇയാളുടെ ഭാര്യ കൊച്ചുത്രേസ്യയയാണ് കഴിഞ്ഞ 26ന് രാത്രി കൊല്ലപ്പെട്ടത്.

സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്. അഞ്ച് ആണ്‍മക്കളും രണ്ട് പെണ്‍മക്കളും ഇവര്‍ക്കുണ്ടെങ്കിലും വെള്ളിക്കുളങ്ങര ചാലക്കുടി റോഡരുകില്‍ കമലക്കട്ടി പ്രദേശത്തുള്ള ഇരുനിലവീട്ടില്‍ വയോധികരായ ദമ്പതികള്‍ മാത്രമാണ് താമസിച്ചിരുന്നത്. ഇളയ മകന്‍ ജോബിയും കുടുംബവും രണ്ടുമാസം മുമ്പുവരെ ഇവരോടൊപ്പം വീട്ടില്‍ താമസിച്ചിരുന്നെങ്കിലും പുതിയ വീടുവെച്ചതിനെ തുടര്‍ന്ന് അവര്‍ അടുത്താകാലത്ത് താമസം മാറ്റി. കഴിഞ്ഞ കുറച്ചുകാലമായി ചെറിയക്കുട്ടിയും കൊച്ചുത്രേസ്യയും മാനസികമായി അകല്‍ച്ചയിലായിരുന്നു. നിസാര പ്രശ്‌നങ്ങള്‍ക്കു പോലും ഇവര്‍ വഴക്കിടുന്നത് പതിവായിരുന്നു. 26ന് രാത്രി വീടിന്റെ മുകളിലെ നിലയില്‍ വെച്ച് ഇവര്‍ തമ്മില്‍ വഴക്കുകൂടുകയും ചെറിയക്കുട്ടി കൊച്ചുത്രേസ്യയെ തള്ളിയിടുകയും ചെയ്തു. അലമാരയില്‍ തലയിടിച്ചു വീണ കൊച്ചുത്രേസ്യയെ വടി കൊണ്ട് അടിക്കുകയും ചെയ്തു. മുറിവില്‍ നിന്ന് ചോരവാര്‍ന്ന് വൈകാതെ കൊച്ചുത്രേസ്യ മരിച്ചു. മൃതദേഹം ബെഡ്ഷീറ്റില്‍ പൊതിഞ്ഞ് ഒളിപ്പിച്ചുവെക്കുകയും ചെയ്തു. പിറ്റേന്ന് മക്കളില്‍ ചിലര്‍ അമ്മയെ കാണാതെ തിരക്കിയപ്പോള്‍ മകളുടെ വീട്ടിലേക്ക് ഓട്ടോയില്‍ കയറി പോയതായി ഇയാള്‍ പറഞ്ഞു.

27ന് രാത്രി ബെഡ്ഷീറ്റില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന മൃതദേഹം ഇയാള്‍ മുകളിലത്തെ നിലയില്‍ നിന്ന് താഴേക്ക് ഇടുകയും വീടിനു പുറകുവശത്തുള്ള ഷെഡിനരികെ ചിതയൊരുക്കി കത്തിക്കുകയും ചെയ്തു. ചകിരിയും വിറകും ഉപയോഗിച്ചാണ് ചിതയൊരുക്കി മണിക്കൂറുകള്‍ സമയമെടുത്താണ് മൃതദേഹം പൂര്‍ണമായി കത്തിച്ചത്. തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചുത്രേസ്യയുടെ കഴുത്തിലുണ്ടായിരുന്ന ആറു പവന്റെ മാലയും കൈകളിലണിഞ്ഞിരുന്ന വളകളും ഊരിയെടുത്ത് വീടിന് ഒന്നര കിലോമീറ്റര്‍ അകലെ ഇത്തനോളി പ്രദേശത്തുള്ള ഇവരുടെ തന്നെ പറമ്പില്‍ കൊണ്ടുപോയി കുഴിച്ചിടുകയും ചെയ്തു. ഇതിനിടെ അമ്മയെ കാണാനില്ലെന്ന പറഞ്ഞ മകന്‍ പൊലിസില്‍ പരാതി നല്‍കി. പൊലിസ് അന്വേഷിച്ചപ്പോള്‍ കൊച്ചുത്രേസ്യ മകളുടെ വീട്ടിലേക്ക് പോയതായാണ് ചെറിയക്കുട്ടി പറഞ്ഞത്. ഇയാല്‍ പറഞ്ഞതു പ്രകാരം ബന്ധുവീടുകളില്‍ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ഓട്ടോറിക്ഷ തൊഴിലാളികളോടും പൊലിസ് അന്വേഷിച്ചു. തുമ്പൊന്നും ലഭിക്കാതെ വന്നപ്പോഴാണ് എസ്‌ഐ സുധീഷിന്റെ നേതൃത്വത്തില്‍ പൊലിസ് വീണ്ടും വീട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയത്. വീടിനു പുറകില്‍ എന്തോ കത്തിക്കരിഞ്ഞതായി കണ്ട പൊലിസ് സൂക്ഷ്മനിരീക്ഷണം നടത്തിയപ്പോഴാണ് തലയോടിന്റെ ഭാഗവും ചെറിയ അസ്ഥികളും കണ്ടത്. ഏറെ നേരം പോലിസ് ചോദ്യം ചെയ്തപ്പോഴാണ്  ചെറിയക്കുട്ടി കുറ്റസമ്മതം നടത്തിയത്. കൊലപ്പെടുത്തമെന്നുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ലെന്നും തള്ളിയിട്ടപ്പോള്‍ സംഭവിച്ചതാണെന്നും ഇയാള്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ സയന്റിഫിക് വിദഗ്ധരും ഡോഗ് സക്വാഡും എത്തി വീടിനുള്ളിലും മൃതദേഹം കത്തിച്ച സ്ഥലത്തും പരിശോധന നടത്തി. പരിശോധനയില്‍ മുകളിലെ നിലയിലെ മുറിയില്‍ രക്തപ്പാടുകള്‍ കണ്ടെത്തി. മൂന്നുദിവസത്തോളം സമയം കിട്ടിയതിനാല്‍ രക്തക്കറ തുടച്ചുമാറ്റുന്നതുള്‍പ്പടെയുള്ള തെളിവുകള്‍ ഏറെക്കുറെ നശിപ്പിക്കാന്‍ പ്രതിക്ക് സാധിച്ചതായാണ് പൊലിസ് പറയുന്നത്. ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷ്, കൊടകര സിഐ കെ സുമേഷ്, വെള്ളിക്കുളങ്ങര എസ്‌ഐ എസ്എല്‍ സുധീഷ്, കൊടകര എസ്‌ഐ കെകെ ബാബു എന്നിവരുടെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. അറസ്റ്റു രേഖപ്പെടുത്തിയ ശേഷം ചെറിയക്കുട്ടിയെ ഇത്തനോളിയിലെ പറമ്പില്‍ കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കിയത്.

DONT MISS
Top