പ്രളയത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണം; ആവശ്യം ശക്തമാക്കി പ്രതിപക്ഷം

തിരുവനന്തപുരം: സംസ്ഥാനത്തെ പ്രളയദുരിതത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കി പ്രതിപക്ഷം. വിഷയമുന്നയിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. ഡാമുകള്‍ തുറന്ന് വിട്ടതിലെ വീഴ്ചകള്‍ക്കു പുറമേ ദുരന്ത നിവാരണ അതോറിറ്റി പുനസംഘടിപ്പിക്കുമെന്ന സര്‍ക്കാര്‍ വാഗ്ദാനവും പാലിക്കപ്പെട്ടില്ലെന്ന് അദ്ദേഹം ഗവര്‍ണറെ ധരിപ്പിച്ചു.

സംസ്ഥാനം നേരിട്ട  മഹാപ്രളയം മനുഷ്യനിര്‍മിതമാണെന്ന ആരോപണം ശക്തമാക്കാനാണ് പ്രതിപക്ഷം തീരുമാനിച്ചിരിക്കുന്നത്. അണക്കെട്ടുകള്‍ മുന്നറിയിപ്പില്ലാതെ ഒരുമിച്ച് തുറന്നതിനെപ്പറ്റി ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് ഗവര്‍ണര്‍ പി സാദാശിവവുമായി പ്രതിപക്ഷനേതാവ് കൂടിക്കാഴ്ച നടത്തിയത്. ഓഖി ദുരന്തസമയത്ത് തന്നെ ദുരന്തനിവാരണ അതോറിറ്റി പുന:സംഘടിപ്പിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇനിയും അത് നടന്നിട്ടില്ല. വിഷയം സര്‍ക്കാരുമായി ചര്‍ച്ച ചെയ്യാമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി രമേശ് ചെന്നിത്തല പറഞ്ഞു.

ദുരന്തത്തെക്കുറിച്ച് അന്വേഷണം നടന്നാല്‍ സര്‍ക്കാരിന്റെയും ഉദ്യോഗസ്ഥരുടെയും ഭാഗത്ത് നിന്നുണ്ടായ കുറ്റകരമായ അനാസ്ഥ പുറത്തു വരുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. പ്രളയദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന സംഭാവനകള്‍ പ്രത്യേക അക്കൗണ്ട് വഴിയാക്കണമെന്നും അടിയന്തര പ്രാധാന്യത്തോടെ വിഷയത്തില്‍ ഇടപെടണമെന്നും പ്രതിപക്ഷം ഗവര്‍ണര്‍ക്ക് നല്‍കിയ നിവേദനത്തിലുണ്ട്.

DONT MISS
Top