ഒരു അഡാറ് ലവ് സിനിമയിലെ ഗാനം; പ്രിയാ വാര്യര്‍ക്ക് എതിരായ കേസ് സുപ്രിം കോടതി റദ്ദാക്കി

ദില്ലി: ഒരു അഡാര്‍ ലവ് എന്ന സിനിമയിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിന്റെ പേരില്‍ നടി പ്രിയ പ്രകാശ് വാര്യര്‍ക്കെതിരായ കേസ് സുപ്രിം കോടതി റദ്ദാക്കി.  മണിക്യ മലരായ പൂവി ഗാനം മത വികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസാണ് കോടതി  റദ്ദാക്കിയത്. സിനിമയുടെ സംവിധായകന്‍ ഒമര്‍ ലുലു, നിര്‍മാതാവ് എന്നിവര്‍ക്കെതിരായ കേസുകളും സുപ്രിം കോടതി റദ്ദാക്കി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് കേസ് റദ്ദാക്കിയിരിക്കുന്നത്. സിനിമയിലെ ഗാനം ഏതെങ്കിലും തരത്തില്‍ മതവികാരം വ്രണപ്പെടുത്തുന്നതാണെങ്കില്‍ അത് പരിഗണിക്കേണ്ടത് സെന്‍സര്‍ബോര്‍ഡാണ് എന്നാണ് കേസ് പരിഗണിക്കവെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.

ആദ്യ ഘട്ടത്തില്‍ വിവാദങ്ങള്‍ ശക്തമായതിനെ തുടര്‍ന്ന് ഗാനം പിന്‍വലിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു. ഗാനത്തിന് ലഭിച്ച വ്യാപക പിന്തുണയെ തുടര്‍ന്നായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനത്തില്‍നിന്ന് പിന്മാറിയത്.

തെലങ്കാനക്ക് പുറമെ, മഹാരാഷ്ട്രയിലും  ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന പാട്ടിനെതിരെ പരാതിയുണ്ട്. റാസ അക്കാദമിയുടെ സെക്രട്ടറി ആണ് മുംബൈ പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top