പ്രളയം: സംസ്ഥാനത്ത് മില്‍മയ്ക്ക് പ്രതിദിനം രണ്ടരലക്ഷം ലിറ്റര്‍ പാലിന്റെ കുറവ്

കൊല്ലം: പ്രളയം മൂലം സംസ്ഥാനത്ത് മില്‍മയ്ക്ക് പ്രതിദിനം രണ്ടര ലക്ഷം ലിറ്റര്‍ പാലിന്റെ ഉത്പ്പാദന കുറവ്. കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത് ഒടുങ്ങിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പാലിന്റെ ലഭ്യത കുറവ് പരിഹരിക്കാന്‍ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കുകയാണ് മില്‍മ.

ആഭ്യന്തര പാലുത്പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന മില്‍മയ്ക്ക് കടുത്ത തിരിച്ചടിയാണ് പ്രളയം സമ്മാനിച്ചത്. കന്നുകാലികള്‍ കൂട്ടത്തോടെ ചത്ത് ഒടുങ്ങിയതോടെ പ്രതിദിനം രണ്ട് ലക്ഷം ലിറ്റര്‍ പാലിന്റെ ഉത്പ്പാദന കുറവാണ് മില്‍മയ്ക്ക് ഉണ്ടായത്. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ രണ്ടര ലക്ഷം ലിറ്റര്‍ പാല്‍ കര്‍ണാടകയില്‍ നിന്ന് എത്തിക്കുകയാണ്. ഉത്പ്പാദനത്തിനൊപ്പം വില്‍പ്പനയിലും കുറവുണ്ടായി.

മില്‍മയുടെ കണക്ക് പ്രകാരം എണ്ണായിരത്തിലധികം പശുക്കളാണ് ചത്തത്. അതിനേക്കാള്‍ ഏറെ പശുക്കള്‍ക്ക് പരുക്കേറ്റ് പാലുത്പ്പാദനം കുറയുകയും ചെയ്തു. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കാലികളെ എത്തിക്കാനുള്ള ശ്രമവും മില്‍മ നടത്തുന്നു. നിലവിലെ സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാത്ത രീതിയില്‍ മുന്നോട്ട് പോകാനാകുമെന്നാണ് മില്‍മയുടെ കണക്ക് കൂട്ടല്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top