ബിജെപിക്ക് ഭരണം നഷ്ടമായി; കാസര്‍ഗോഡ് കാറഡുക്കയില്‍ യുഡിഎഫ് പിന്തുണയോടെ സിപിഐഎം സ്വതന്ത്രയെ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്തു

കാസര്‍ഗോഡ്: കാസര്‍ഗോഡ് കാറഡുക്ക ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ്, യുഡിഎഫ് സഖ്യം അധികാരത്തില്‍. സിപിഐഎം സ്വതന്ത്ര അനസൂയ റായി പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ 18 വര്‍ഷം നീണ്ട ബിജെപി ഭരണത്തിനാണ് അവസാനമായത്.

വനിതാ സംവരണമായ പഞ്ചായത്തില്‍ യുഡിഎഫിലെ അംഗങ്ങളുടെ പിന്തുണയോടെയായിരുന്നു വിജയം. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ യുഡിഎഫിലെ വിനോദ് നമ്പ്യാര്‍ക്ക് എല്‍ഡിഎഫ് പിന്തുണ നല്‍കും. നേരത്തെ യുഡിഎഫ് പിന്തുണയോടെയാണ് കാറഡുക്കയിലെ ബിജെപി ഭരണസമിതിയ്‌ക്കെതിരായ അവിശ്വാസ പ്രമേയം സിപിഐഎം പാസ്സാക്കിയെടുത്തത്. 18 വര്‍ഷം നീണ്ട ബിജെപി ഭരണം തിരിച്ചു വരാതിരിക്കുന്നതിനുള്ള നീക്കങ്ങള്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഇരുപക്ഷവും സ്വീകരിച്ചു.

ഇടതു, വലതു മുന്നണികള്‍ സംയുക്തമായി മുന്നോട്ട് പോകാന്‍ പ്രാദേശികതലത്തില്‍ കൈക്കൊണ്ട തീരുമാനം ബിജെപിക്ക് തിരിച്ചടിയാണ്. അവിശ്വാസ പ്രമേയത്തിലൂടെ കാറഡുക്കയ്ക്ക് പിന്നാലെ എന്‍മകജെയിലും ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടിരുന്നു. ഇവിടെ യുഡിഎഫ് അവതരിപ്പിച്ച പ്രമേയത്തെ ഇടതുപക്ഷം പിന്തുണക്കുകയായിരുന്നു. നിലവില്‍ മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ജില്ലയില്‍ ബിജെപി ഭരണം നിലനില്‍ക്കുന്നത്.

DONT MISS
Top