പ്രകൃതി ദുരന്തമല്ല, മനുഷ്യനിര്‍മിത ദുരന്തമാണ് ഉണ്ടായതെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: കേരളത്തില്‍ പ്രകൃതി ദുരന്തമല്ല, മനുഷ്യ നിര്‍മിത ദുരന്തമാണ് ഉണ്ടായതെന്ന് കോണ്‍ഗ്രസ് നേതാവ് വിഡി സതീശന്‍. കെടുകാര്യസ്ഥതയുടെ ആസൂത്രണമില്ലാത്തതിന്റെ കുറ്റകരമായ അനാസ്ഥയുടെ ബാക്കിപത്രമാണ് മഹാപ്രളയമെന്ന് ചരിത്രം വിധിയെഴുതാന്‍ പോവുകയാണ്. മഴ തകര്‍ത്ത് പെയ്യുമ്പോള്‍ എല്ലാ ഡാമുകളും ഒരുമിച്ച് തുറന്ന് മഹാപ്രളയം സൃഷ്ടിച്ചതിന്റെ ഉത്തരവാദി ആരാണ്. മഹാദുരന്തം ഇനി ഇവിടെ ആവര്‍ത്തിക്കപ്പെടരുത് എന്നും നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കവെ സതീശന്‍ പറഞ്ഞു.

ഡാം മാനേജ്‌മെന്റിന്റെ എബിസിഡി അറിയാത്തവരെ അതിന്റെ ഉത്തരവാദിത്വം ഏല്‍പ്പിച്ചത് ആരാണ്.  വെള്ളം തുറന്നുവിടുമ്പോള്‍ വേലിയിറക്കമുള്ള സമയങ്ങളില്‍ തുറന്നുവിടണം എന്നുള്ള പ്രാഥമിക വിവരം പോലും പലര്‍ക്കുമുണ്ടായില്ല. ജൂണിലും ജൂലൈയിലും കനത്ത മഴയായിരുന്നു. എന്നാല്‍ ഡാമില്‍ നിന്നും നിയന്ത്രിതമായ അളവില്‍ വെള്ളം തുറന്നുവിടാനുള്ള അവസരം ഉണ്ടായിട്ടും അത് ചെയ്തില്ല. നിഷ്‌ക്രിയരായി ഒരു മാസക്കാലത്തോളം നോക്കിനില്‍ക്കുകയാണ് ചെയ്തതെന്നും സതീശന്‍ ആരോപിച്ചു.

ഗവര്‍ണ്‍മെന്റ് പ്രഖ്യാപിച്ച 10000 രൂപയുടെ അടിയന്തര സഹായം എത്രയും പെട്ടെന്ന് വിതരണം നടത്താനുള്ള സംവിധാനം സര്‍ക്കാര്‍ ഏര്‍പ്പെടുത്തണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യസാധനങ്ങളുടെ കിറ്റ് ഇത്ര ദിവസമായിട്ടും ഒരാള്‍ക്കും കൊടുക്കാന്‍ സാധിച്ചിട്ടില്ല. അതിന്റെ വിതരണത്തിലെ പാളിച്ചകള്‍ പരിഹരിച്ച് എല്ലാ വീടുകളിലും ഭക്ഷ്യ സാധനങ്ങളുടെ കിറ്റ് എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കണം എന്നും സതീശന്‍ പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top