പ്രളയത്തില്‍ തകര്‍ന്നത് 168 ആശുപത്രികള്‍; 120 കോടിയുടെ നഷ്ടം

തിരുവനന്തപുരം: പ്രളയ ദുരന്തത്തെ തുടര്‍ന്ന് കേരളത്തിലെ 168 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേടുപാട് സംഭവിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതില്‍ 22 ആശുപത്രികള്‍ പൂര്‍ണമായും ഉപയോഗശൂന്യമായി. 50 ആശുപത്രികള്‍ക്ക് വലിയ കേടുപാടുകള്‍ സംഭവിക്കുകയും 96 ആശുപത്രികള്‍ക്ക് ഭാഗികമായ കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ 120 കോടിയുടെ നാശനഷ്ടമാണ് ഉണ്ടായത്. ആശുപത്രി കെട്ടിടങ്ങള്‍ക്ക് 80 കോടി രൂപയുടേയും ഉപകരണങ്ങള്‍ക്ക് 10 കോടി രൂപയുടേയും ഫര്‍ണിച്ചറുകള്‍ക്ക് 10 കോടി രൂപയുടേയും മരുന്നുകള്‍ക്ക് 20 കോടി രൂപയുടേയുമാണ് നാശനഷ്ടമുണ്ടായത്. വിശദമായ പരിശോധനകള്‍ക്ക് ശേഷം മാത്രമേ നഷ്ടം പൂര്‍ണമായും കണക്കാക്കാന്‍ കഴിയുകയുള്ളൂ എന്നും അറിയിച്ചു.

ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ എന്‍എച്ച്എം എഞ്ചിനീയര്‍മാരുടെ മേല്‍നോട്ടത്തിലാണ് കെട്ടിടങ്ങളുടെ കണക്കെടുത്തത്. ഈ കണക്കുകള്‍ എന്‍എച്ച്എം ചീഫ് എഞ്ചിനീയറുടെ മേല്‍നോട്ടത്തിലാണ് ക്രോഡീകരിക്കുന്നത്. മെഡിക്കല്‍ ഉപകരണങ്ങളുടേയും മരുന്നുകളുടേയും കണക്കെടുത്തത് കെഎംഎസ്‌സിഎല്‍ മുഖേനയാണ്. തകര്‍ന്ന ആശുപത്രികള്‍ക്ക് പകരം വാടക കെട്ടിടത്തില്‍ ആശുപത്രികള്‍ തുടര്‍ന്ന് പ്രവര്‍ത്തിക്കും.

DONT MISS
Top