‘ജലന്തര്‍ ബിഷപ്പ് കൊല്ലാന്‍ ശ്രമിക്കുന്നു’; പരാതിയുമായി പീഡനത്തിനിരയായ കന്യാസ്ത്രീ

കോട്ടയം: ജലന്തര്‍ ബിഷപ്പ് തങ്ങളെ വധിക്കാന്‍ ശ്രമം നടത്തുന്നതായി പീഡനത്തിനിരയായ കന്യാസ്ത്രീയുടെ പരാതി. ബിഷപ്പിനൊപ്പം ഉള്ള വൈദികന്റെ സഹോദരനാണ് കുറവിലങ്ങാട് ആശ്രമത്തിലെ ജീവനക്കാരനെ സ്വാധീനിച്ച് കൊലപാതകത്തിന് നീക്കം നടത്തിയത്. യാത്രചെയ്യുന്ന വാഹനത്തിന്റെ ബ്രേക്ക് കേടാക്കാന്‍ വൈദികന്റെ സഹോദരന്‍ ജീവനക്കാരനോട് ആവശ്യപ്പെട്ടതായി കുറവിലങ്ങാട് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ഒപ്പമുള്ള ഫാദര്‍ ലോറന്‍സ് ചിറ്റുപറമ്പിലിന്റെ സഹോദരന്‍ തോമസ് ചിറ്റുപറമ്പിലാണ് വധശ്രമത്തിന് നീക്കം നടത്തിയതെന്ന് കന്യാസ്ത്രി നല്‍കിയ പരാതിയില്‍ പറയുന്നു. കുറവിലങ്ങാട് ആശ്രമത്തിലെ ജോലിക്കാരനായ ആസാം സ്വദേശി പിന്റു വഴിയാണ് നീക്കം നടത്തിയത്. യാത്രചെയ്യുന്ന വാഹനത്തിന്റെ ബ്രേക്ക് കേടാക്കാനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. കന്യാസ്ത്രീകള്‍ പുറത്ത് പോകുന്ന സമയം തന്നെ അറിയിക്കണമെന്ന് തോമസ് ചിറ്റുപറമ്പില്‍ ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.

ആശ്രമത്തിന് പുറത്തെത്തി പിന്റുവിനെ കാണാന്‍ ശ്രമിച്ചെന്നും കന്യാസ്ത്രീയുടെ പരാതിയിലുണ്ട്. പിന്റു ഇക്കാര്യം ഇന്നലെ കന്യാസ്ത്രീയെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് കന്യാസ്ത്രീ പൊലീസിനെ സമീപിച്ചത്. നേരത്തെ കന്യാസ്ത്രീയുടെ കാലടിയിലുള്ള സഹോദരിയെ കണ്ട് ബിഷപ്പിന് എന്തെങ്കിലും സംഭവിച്ചാല്‍ ഒരാളെയും വെറുതെ വിടില്ലെന്ന് തോമസ് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നുണ്ട്. കന്യാസ്ത്രീയുടെ പരാതിയിന്മേല്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top