ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്; ഒരുമാസത്തിനിടെ കൂട്ടിയത് രണ്ടര രൂപയോളം

പ്രതീകാത്മക ചിത്രം

കോഴിക്കോട്: ഇന്ധന വിലയില്‍ വീണ്ടും വര്‍ധനവ്. ഒരു മാസത്തിനിടെ ഡീസലിനും, പെട്രോളിനും കൂട്ടിയത് രണ്ടര രൂപയോളമാണ്. രൂപയുടെ മൂല്യം ഇടിയുന്നത് ഇന്ധന വില കൂടുന്നതിന് കാരണമാകുന്നു. പ്രളയക്കെടുതിക്കിടെ കേരളത്തില്‍ തുടര്‍ച്ചയായുള്ള ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധവും ശക്തമാകുകയാണ്.

പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തില്‍ ഇരുട്ടടി പോലെയാണ് പെട്രോള്‍ വില കുതിച്ചുയരുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ പെട്രോളിയം കമ്പനികള്‍ ഡീസലിനും പെട്രോളിനും കൂട്ടിയത് രണ്ടര രൂപയോളമാണ്. തുടര്‍ച്ചയായ അഞ്ചു ദിവസങ്ങിലുണ്ടായ വില വര്‍ധനവില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

ഈ മാസം ആദ്യ ആഴ്ചയില്‍ ഡീസല്‍ വിലയില്‍ 78 പൈസ കൂടിയിരുന്നു. 68 പൈസ പെട്രോള്‍ വിലയും ഉയര്‍ന്നു. ജൂലൈയില്‍ ഡീസല്‍വില 50 പൈസയാണ് ഉയര്‍ന്നതെങ്കില്‍ ഈ മാസം രണ്ടര രൂപയോളം വര്‍ധിച്ചു. പെട്രോള്‍ വിലയിലും രണ്ടു രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. സംസ്ഥാനത്ത് പ്രളയ ദുരിതമുണ്ടായപ്പോഴും ഇന്ധന വിലയില്‍ വര്‍ധനവ് ഉണ്ടായി. കേരളത്തില്‍ രക്ഷാ പ്രവര്‍ത്തനത്തിനും ദുരന്ത നിവാരണത്തിനും ഇറങ്ങിയ വാഹനങ്ങളെയും ബോട്ടുകളെയും വള്ളങ്ങളെയും അടക്കമാണ് അന്ന് വില കൂട്ടി കൊള്ളയടിച്ചത്.

ഇതിനിടയില്‍ ഇന്ന് ഡീസലിനും പെട്രോളിനും 16 പൈസയും വീതം വിണ്ടും കൂട്ടി. പെട്രോള്‍ വില കൊച്ചിയില്‍ 80 രൂപ കടന്നു. നഗരപരിധിക്കു പുറത്തു വില 81 രൂപയായി. 16 പൈസയാണ് ഇന്നു കൂടിയത്. ഡീസല്‍വില നഗരത്തില്‍ 74 രൂപയ്ക്കടുത്തെത്തി. 15 പൈസ ഇന്നു മാത്രം ഉയര്‍ന്നു. തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളില്‍ പെട്രോള്‍ വില 81 രൂപയ്ക്കു മുകളിലെത്തി. ഈ ജില്ലകളില്‍ ഡീസല്‍വില 74 രൂപയ്ക്ക് മുകളിലുമായി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണവില ഉയരുന്നതാണ് കാരണം. ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 79 ഡോളറിലെത്തി. രൂപയുടെ മൂല്യം ഇടിയുന്നതിനാല്‍ ഇറക്കുമതിച്ചെലവേറുന്നതും ഇന്ധന വിലര്‍ധനയ്ക്ക് കാരണമാകുന്നുണ്ട്.

DONT MISS
Top