ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; ആശങ്കയുണര്‍ത്തി വൈത്തിരി മേഖലയിലെ ബഹുനില കെട്ടിടങ്ങള്‍

വയനാട്: വയനാട്ടിലെ പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വൈത്തിരി മേഖലയിലെ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉയരുന്നു. പരിസ്ഥിതിലോല മേഖലയിലെ ചതുപ്പിലാണ് പതിനെട്ടു നിലവരെയുള്ള കെട്ടിടങ്ങള്‍ പണിതിരിക്കുന്നത്. ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിദഗ്ദ്ധ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ കേശവേന്ദ്ര കുമാര്‍ അറിയിച്ചു.

കനത്ത മഴയില്‍ വയനാട്ടില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഭൂമി നിരങ്ങി നീങ്ങലും വ്യാപകമായതോടെയാണ് പരിസ്ഥിതി ലോല മേഖലയിലെ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക ശക്തമായത്. ലക്കിടിയിലെയും വൈത്തിരിയിലെയും ചതുപ്പു നിലങ്ങളിലാണ് 18 നില വരെയുള്ള കെട്ടിടങ്ങള്‍ പണിതിരിക്കുന്നത്. വൈത്തിരി പഞ്ചായത്തിന്റെ രണ്ടു നില ഷോപ്പിംഗ് കോംപ്ലക്സ് കനത്ത മഴയില്‍ പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴ്ന്നു പോയിരുന്നു. ഈ സാഹചര്യത്തില്‍ ബഹുനില കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് വിദഗ്ദ്ധ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന കേശവേന്ദ്ര കുമാര്‍ അറിയിച്ചു.

2015ല്‍ കേശവേന്ദ്ര കുമാര്‍ കളക്ടറയിരിക്കെ വൈത്തിരിയിലും ലക്കിടിയിലും രണ്ടു നിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മ്മാണം നിരോധിച്ചിരുന്നു. എന്നാല്‍ നേരത്തെ അനുമതിക്ക് അപേക്ഷ നല്‍കിയിരുന്നു എന്ന പേരില്‍ കോടതി ഉത്തരവു വാങ്ങി വീണ്ടും ബഹുനില കെട്ടിടങ്ങള്‍ പണിതുയര്‍ത്തുകയായിരുന്നു.

DONT MISS
Top