പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ യുഎഇ സ്ഥാനപതി കേരളത്തിലേക്ക്

ദില്ലി: യുഎഇ സ്ഥാനപതി അഹമ്മദ് അല്‍ ബന്ന കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ഉന്നതതല ഉദ്യോഗസ്ഥര്‍, പ്രളയബാധിതര്‍, മറ്റ് സന്നദ്ധ സംഘടനകള്‍ എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ദുരിത മേഖലകള്‍ നേരില്‍ കണ്ട് വിലയിരുത്താന്‍ അടുത്ത ആഴ്ചയോടെ അല്‍ബന്ന കേരളത്തിലെത്തുമെന്നാണ് സൂചന.

പ്രളയക്കെടുതി നേരിടുന്ന കേരളത്തെ സഹായിക്കാന്‍ യുഎഇ സന്നദ്ധത പ്രകടിപ്പിച്ചതിന് പിന്നാലെയാണ് പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ സ്ഥാനപതി നേരിട്ടെത്തുന്നത്. നേരത്തെ കേരളത്തിന് യുഎഇ 700 കോടി സഹായം പ്രഖ്യാപിച്ചു എന്ന വാര്‍ത്ത അല്‍ബന്ന നിഷേധിച്ചിരുന്നു. പ്രളയത്തിന്റെ ആഘാതം പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും, ദുരിതാശ്വാസ നിധിയായി എത്ര തുക നല്‍കണം എന്ന് തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അല്‍ബന്ന യുഎഇ സഹായത്തെക്കുറിച്ച് വിശദീകരിച്ചത്. യുഎഇ 700 കോടി രൂപ സഹായം പ്രഖ്യാപിച്ചിട്ടില്ല എന്നാണോ ഉദ്ദേശിക്കുന്നത് എന്ന ചോദ്യത്തിന് അതെ അതാണ് ശരി. 700 കോടി എന്ന സഹായം അന്തിമമല്ല, അത് പ്രഖ്യാപിച്ചിട്ടില്ലാ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. എന്നാല്‍ യുഎഇ വൈസ് പ്രസിഡന്റ്, ദുബായ് ഭരണാധികാരി, പ്രധാനമന്ത്രി എന്നിവരടങ്ങുന്ന അടിയന്തര കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നും പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് വേണ്ടി ഫണ്ടുകളും അവശ്യ സാധനങ്ങളും മരുന്നുകളും സമാഹരിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് യുഎഇ 700 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ അറിയിച്ചിരുന്നു. എന്നാല്‍ വിദേശ സഹായം സ്വീകരിക്കാനാവില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ നിലപാട്. അത് വിവാദമായതിന് പിന്നാലെയാണ് കേരളത്തിന് ധനസഹായം തങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന് അല്‍ബന്ന വ്യക്തമാക്കിയത്.

DONT MISS
Top