തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളുമായി കോണ്‍ഗ്രസ്; നിര്‍ണായക കമ്മിറ്റികള്‍ രൂപീകരിച്ചു

ദില്ലി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിനൊരുങ്ങി കോണ്‍ഗ്രസ്. പ്രകടന പത്രിക തയ്യാറാക്കല്‍, ഏകോപനം, പ്രചരണം തുടങ്ങി മൂന്ന് നിര്‍ണായക കമ്മിറ്റികളാണ് കോണ്‍ഗ്രസ് ശനിയാഴ്ച രൂപീകരിച്ചത്.

തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് ഒമ്പതംഗ കോര്‍ കമ്മിറ്റിയും, പ്രകടന പത്രിക രൂപം നല്‍കാനായി 19 അംഗ മാനിഫെസ്റ്റോ കമ്മിറ്റി, തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ 13 അംഗ പബ്ലിസിറ്റി കമ്മിറ്റി എന്നിവയ്ക്കാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രൂപം നല്‍കിയത്.

എകെ ആന്റണിയും കെസി വേണുഗോപാലും ഉള്‍പ്പെടുന്നതാണ് ഒമ്പതംഗ കോര്‍കമ്മിറ്റി. ഗുലാം നബി ആസാദ്, പി ചിദംബരം, അശോക് ഗെഹ്ലോട്ട്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അഹമ്മദ് പട്ടേല്‍, ജയറാം രമേശ്, രണ്‍ദീപ് സുര്‍ജേവാല, എന്നിവരാണ് ഒമ്പതംഗ കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍. ശശി തരൂര്‍ ഉള്‍പ്പെടുന്നതാണ് പ്രകടന പത്രിക തയ്യാറാക്കാനുള്ള കമ്മിറ്റി. പ്രചാരണ പരിപാടികള്‍ നിശ്ചയിക്കാനുള്ള കമ്മിറ്റിയില്‍ വിഡി സതീശനും ഉള്‍പ്പെടുന്നു.

കമ്മിറ്റി രൂപീകരണത്തോടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ് സജീവമാക്കിയതായി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കി. വളരെ വേഗത്തില്‍ പ്രകടന പത്രിക തയ്യാറാക്കുകയും, പ്രചരണത്തിനും ഏകോപനത്തിനുമുള്ള തന്ത്രങ്ങള്‍ രൂപീകരിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

DONT MISS
Top