‘ഇപ്പോള്‍ നടക്കുന്നത് വലിയൊരു ഗൂഡാലോചന’; ബിജെപിയെ കേരളത്തില്‍ വളരാന്‍ അനുവദിച്ചുകൂടാ എന്ന അജണ്ടയുടെ ഭാഗമാണതെന്നും കെ സുരേന്ദ്രന്‍

കെ സുരേന്ദ്രന്‍

കൊച്ചി: കേരളത്തില്‍ ഇപ്പോള്‍ നടക്കുന്നത് വലിയൊരു ഗൂഡാലോചനയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ബിജെപിയെ ഇവിടെ ഒരു തരത്തിലും വളരാന്‍ അനുവദിച്ചുകൂടാ എന്ന ഒറ്റ ഇന അജണ്ടയെ മുന്നില്‍ നിര്‍ത്തിയുള്ളതാണ് ആ ഗൂഡാലോചനയെന്നും, ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സിപിഐഎം ബുദ്ധികേന്ദ്രങ്ങളാണെന്നും സുരേന്ദ്രന്‍ ആരോപിച്ചു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം-

ചില കാര്യങ്ങള്‍ തുറന്നു പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല. ഒരു പക്ഷേ പറയുന്നതിന്റെ ഔചിത്യം ശരിയാണോ എന്ന് ചിലര്‍ക്കെങ്കിലും തോന്നുമായിരിക്കും. അത് കാര്യമാക്കുന്നില്ല. ഇവിടെ ഇപ്പോള്‍ നടക്കുന്നത് വലിയൊരു ഗൂഡാലോചനയാണ്. ആ ഗൂഡാലോചന ബിജെപിയെ കേരളത്തില്‍ ഒരു തരത്തിലും വളരാന്‍ അനുവദിച്ചുകൂടാ എന്ന ഒറ്റ ഇന അജണ്ടയെ മുന്നില്‍ നിര്‍ത്തിയുള്ളതാണ്. ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത് സിപിഐഎം ബുദ്ധികേന്ദ്രങ്ങളാണ്. മുസ്‌ലിം സമുദായത്തിലെ തീവ്ര ചിന്താഗതിക്കാരെ ഉപയോഗപ്പെടുത്തി ബിജെപിക്കെതിരെ ഒരു വലിയ സാമുദായിക ഏകീകരണമാണ് അവരുടെ ലക്ഷ്യം. ഈ പ്രളയദുരിതത്തെ പോലും അതിനായി ഉപയോഗിച്ചു എന്നതാണ് ഏറ്റവും ജുഗുപ്ത്സാവഹം. നേരത്തെ എസ്എന്‍ഡിപി നേതൃത്വവും ശിവഗിരി മഠവും ബിജെപിയോടടുത്തപ്പോഴും ഇതു തന്നെയാണ് സംഭവിച്ചത്.

സമാനമായ പ്രചാരണ ശൈലിയാണ് ഇപ്പോള്‍ നടക്കുന്നത്. കുട്ടനാട്ടില്‍ പ്രളയം ഉണ്ടായ ഉടനെത്തന്നെ ആഭ്യന്തരസഹമന്ത്രി കിരണ്‍ റിജ്ജു കേരളത്തില്‍ വരികയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും അടിയന്തര ധനസഹായം പ്രഖ്യാപിക്കുകയും ചെയ്തു. വളരെ പെട്ടെന്നുതന്നെ കേന്ദ്രത്തിലെ ഉദ്യോഗസ്ഥസംഘം കേരളത്തിലെത്തി വിശദമായ പരിശോധന നടത്തുകയും നാശനഷ്ടങ്ങളെ സംബന്ധിച്ച കണക്കുകള്‍ കേന്ദ്രത്തെ ധരിപ്പിക്കുകയും ചെയ്തു. സാധാരണ നിലയില്‍ മാസങ്ങള്‍ കഴിഞ്ഞാണ് കേന്ദ്രസംഘം വരാറുള്ളത്. വെള്ളപ്പൊക്കവും ദുരിതവും വീണ്ടും വന്നതിനിടയിലാണ് കേരളത്തിലെ ഏതാനും എംപിമാര്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ അദ്ദേഹത്തിന്റെ ഓഫീസില്‍ ചെന്നു കണ്ടു കാര്യങ്ങള്‍ ധരിപ്പിച്ചു. ഉടനെത്തന്നെ അദ്ദേഹം കേരളത്തില്‍ വരികയും ദുരന്തബാധിതമേഖലകള്‍ മുഖ്യമന്ത്രിയോടൊപ്പം സന്ദര്‍ശിക്കുകയും അടിയന്തര ധനസഹായമായി 100 കോടി രൂപ അനുവദിക്കുകയും ചെയ്തു. ഡല്‍ഹിയില്‍ ചെന്ന ഉടനെ പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പിക്കാമെന്ന് മുഖ്യമന്ത്രിയെ അറിയിക്കുകയും ചെയ്തു.

അതിനിടയില്‍ സംസ്ഥാനസര്‍ക്കാരിന്റെ പിടിപ്പുകേടുമൂലം ഇവിടെ കാര്യങ്ങള്‍ വഷളായി. ഉടനെത്തന്നെ പ്രധാനമന്ത്രി കാര്യങ്ങള്‍ നിരന്തരം മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടു വിലയിരുത്തി. അതിനിടയിലാണ് അടല്‍ജിയുടെ ദേഹാന്ത്യം ഉണ്ടാവുന്നത്. ശവസംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായ ഉടനെ പ്രധാനമന്ത്രി കേരളത്തിലേക്ക് പറന്നു. ദുരന്തബാധിതപ്രദേശങ്ങള്‍ സന്ദര്‍ശിച്ചു മടങ്ങിയ പ്രധാനമന്ത്രി അടിയന്തര ദുരന്തനിവാരണത്തിനായി 500 കോടി രൂപ പ്രഖ്യാപിച്ചു. ഡല്‍ഹിയിലെത്തിയ ഉടനെ പ്രതിരോധം ഉള്‍പ്പെടെയുള്ള വകുപ്പുകളെ ഏകോപിപ്പിച്ച് ഒരു വാര്‍ റൂം തന്നെ തുറന്നു. തത്ഫലമായി അടിയന്തര സഹായങ്ങളെല്ലാം ഞൊടിയിടയില്‍ ഇങ്ങോട്ടെത്തി. ഹെലികോപ്ടറുകള്‍, ബോട്ടുകള്‍, സേനാംഗങ്ങള്‍, മരുന്നുകള്‍, അരി, ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍,കുടിവെള്ളം, തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍ എല്ലാം ദ്രുതഗതിയില്‍ കേരളത്തിലെത്തി.

ഇപ്പോള്‍ പ്രഖ്യാപിച്ച സഹായം ദുരന്ത നിവാരണത്തിനുള്ളതാണെന്നും വീട്, വൈദ്യുതി, റോഡുകള്‍ എന്നിവയുടെ പുനര്‍നിര്‍മ്മാണം, കാര്‍ഷിക നഷ്ടപരിഹാരം, ഇന്‍ഷൂറന്‍സ് തുടങ്ങി എല്ലാം കേന്ദ്രം ചെയ്തുകൊള്ളാമെന്നും മറ്റു പുനരധിവാസ കാര്യങ്ങള്‍ യഥാസമയം ആവശ്യങ്ങള്‍ തിട്ടപ്പെടുത്തിക്കഴിയുമ്പോള്‍ കേരളത്തിനു ലഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ കേരളത്തോടൊപ്പമുണ്ടെന്നും പിണറായി വിജയന്റെ തോളില്‍ തട്ടി പറഞ്ഞുകൊണ്ടാണ് മോദി മടങ്ങിയത്. അനുവദിച്ച പണം നാലു ദിവസത്തിനുള്ളില്‍ കേരളത്തിനു ലഭിക്കുകയും ചെയ്തു. സാധാരണ നിലയല്‍ ഭരണനിര്‍വ്വഹണത്തിലെ സാങ്കേതിക തടസ്സങ്ങള്‍ കാരണം അനുവദിക്കുന്ന പണം മാസങ്ങള്‍ കഴിഞ്ഞാണ് ലഭിക്കാറുള്ളത്. മുഖ്യമന്ത്രിക്ക് ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം തികഞ്ഞ ബോധ്യമുണ്ട്. അദ്ദേഹത്തിന്റെ വാക്കുകളിലൂടെ അത് ജനങ്ങള്‍ക്ക് മനസ്സിലായിട്ടുമുണ്ട്.

ദുരന്തനിവാരണത്തിനുള്ള അടിയന്തരസഹായവും നഷ്ടപരിഹാരത്തുകയും രണ്ടും രണ്ടാണെന്ന് അറിയാത്തതുകൊണ്ടല്ല പൊടുന്നനെ ഒരു പ്രചാരണം കേരളത്തില്‍ പൊട്ടിപ്പുറപ്പെട്ടു. അതിന് തുടക്കം കുറിച്ചത് ധനമന്ത്രി തോമസ് ഐസക് ആണ്. മന്ത്രിസഭയിലെ രണ്ടാമനാവാന്‍ ആഗ്രഹിക്കുന്നയാളും പിണറായി വിജയന്റെ ആജന്മശത്രുവുമാണ് ഐസക്. ജയരാജനെ മന്ത്രിയാക്കുന്നതും അനന്തരാവകാശിയായി വാഴിക്കുന്നതും ഇതിനിടയിലാണെന്ന് ചേര്‍ത്തു വായിക്കണം. പ്രത്യേകിച്ചും മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സ തേടി പോകുന്ന സന്ദര്‍ഭത്തില്‍. വെറും അഞ്ഞൂരുകോടി മാത്രമേ കേരളത്തിന് കേന്ദ്രം തന്നുള്ളൂ എന്ന നിലയിലാണ് പ്രചാരണം അരങ്ങേറിയത്. സിപിഐഎമ്മിനേയും എസ്ഡിപിഐയേയും അനുകൂലിക്കുന്ന ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരും എരിതീയില്‍ എണ്ണയൊഴിച്ചു. പിന്നെ നിരന്തരം കുപ്രചാരണങ്ങളായി.

ഉത്തരാഖണ്ഡില്‍ മഹാദുരന്തമുണ്ടായപ്പോള്‍ സംസ്ഥാനം അടിയന്തരസഹായമായി 5000 കോടി ആവശ്യപ്പെട്ടപ്പോള്‍ കൊടുത്തത് 170 കോടി രൂപ മാത്രമാണ്. പിന്നീട് പുനരധിവാസ സഹായം നല്‍കിയ കാര്യം വിസ്മരിക്കുന്നില്ല. സുനാമി ദുരന്ത കാലത്ത് കേരളത്തിനും ലഭിച്ച അടിയന്തരസഹായം ഉമ്മന്‍ചാണ്ടിക്ക് ഓര്‍മ്മയുണ്ടാവുമല്ലോ. അതു ലഭിച്ചതാവട്ടെ എത്രയോ മാസങ്ങള്‍ക്കു ശേഷവും. നല്ല നിലയില്‍ കേന്ദ്ര ഇടപെടലുണ്ടായാല്‍ അത് കേരളത്തില്‍ ബിജെപിയെക്കുറിച്ചുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുമെന്ന ഭയമാണ് ഈ പ്രചാരണങ്ങള്‍ക്കെല്ലാം പിന്നില്‍. അതിനിടയിലാണ് യുഎഇ സഹായപ്രശ്‌നം പൊങ്ങിവന്നത്. മോദി സര്‍ക്കാര്‍ അറബ് രാജ്യങ്ങളുമായി നല്ല ബന്ധമാണ് പുലര്‍ത്തിപ്പോരുന്നത്. പ്രവാസികളക്കിടയില്‍ വലിയ മനം മാറ്റമാണ് ഇതുമൂലമുണ്ടായിട്ടുള്ളത്.

ദുരന്തം ഉണ്ടായ ഉടന യുഎഇ ഭരണാധികാരി അനുശോചനം അറിയിക്കുകയും മോദി അതിന് തിരിച്ച് നന്ദി പറയുകയും ചെയ്തു. മാത്രമല്ല റെഡ് ക്രസന്റ് എന്ന സന്നദ്ധ സംഘടനയും പ്രവാസി മലയാളികളായ ബിസിനസ്സുകാരും സാധാരണ തൊഴിലാളികളെയെല്ലാം ഉള്‍പ്പെടുത്തി ഒരു കമ്മിറ്റി രൂപീകരിക്കുകയും സഹായത്തിനുവേണ്ടി രംഗത്തിറങ്ങാന്‍ തീരുമാനിക്കുകയും ചെയ്തു. അറബ് രാജ്യങ്ങളില്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലെല്ലാം സര്‍ക്കാര്‍ മോണിറ്ററിംഗ് ഉണ്ടാവുമെന്ന് എല്ലാവര്‍ക്കുമറിയാം. കേരളത്തില്‍ ബക്കറ്റ് പിരിവു നടത്തുന്നതുപോലെ അവിടെ നടക്കില്ലെന്ന് കോടിയേരിക്കെങ്കിലും നന്നായറിയാവുന്നതുമാണ്. അതിനിടയിലാരോ 700 കോടിയുടെ ധനസഹായം യുഎഇ പ്രഖ്യാപിച്ചു എന്ന് പിണറായിയെ ധരിപ്പിച്ചു. കേട്ടപാതി കേള്‍ക്കാത്ത പാതി പ്രഖ്യാപനവും വന്നു. പിന്നീടാണ് നിജസ്ഥിതി ബോധ്യമായത്.

കിട്ടിയ അവസരം ഐസക്കും കൂട്ടരും ശരിക്കും മുതലാക്കി. കോടിയേരിയുടെ വക മുറിവില്‍ മുളകു തേക്കലും. ജിഹാദികള്‍ ഒന്നടങ്കം രംഗത്തിറങ്ങി അന്തരീക്ഷം മലിനമാക്കി. നോട്ടു നിരോധനകാലത്തും ഐസക് ഇതുതന്നെയാണ് ചെയ്തതെന്ന് ഓര്‍ക്കുമല്ലോ. പ്രവാസി വോട്ടവകാശം കൂടി അടുത്ത തെരഞ്ഞെടുപ്പില്‍ യാഥാര്‍ത്ഥ്യമാവുമെന്ന് കണ്ടുള്ള ഒരു നീക്കമാണിത്. സുനാമി ദുരന്തകാലം മുതല്‍ നമ്മുടെ രാജ്യം സ്വീകരിക്കുന്ന ഒരു നയമുണ്ട്. അതെല്ലാം മറന്നുകൊണ്ട് ഈ വിഷലിപ്തമായ പ്രചാരണം നടത്തുന്നവര്‍ക്കൊരു ഗൂഡോദ്ദേശമുണ്ട്. അത് ഞങ്ങള്‍ക്കു മനസ്സിലാവുന്നുണ്ട് എന്ന് അത്തരക്കാരെ ബോധ്യപ്പെടുത്താന്‍ മാത്രമാണ് ഇത്രയും എഴുതിയത്, സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top