മഹാപ്രളയത്തിന് കാരണം മുല്ലപ്പെരിയാറെന്ന് സംസ്ഥാനം സുപ്രിം കോടതിയില്‍

ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 13 ഷട്ടറുകളും അടിയന്തരമായി ഒരുമിച്ച് തുറക്കേണ്ടി വന്നതാണ് മഹാപ്രളയത്തിന് ഒരു കാരണമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയെ അറിയിച്ചു. ജലനിരപ്പ് 142 ല്‍ എത്തുന്നതിന് മുന്‍പ് തന്നെ വെള്ളം തുറന്നു വിടണമെന്ന ആവശ്യം തമിഴ്‌നാട് അംഗീകരിച്ചില്ല. അതേസമയ,ം ജലനിരപ്പ് 139 അടിയായി നിലനിര്‍ത്താന്‍ സുപ്രിം കോടതി നിയമിച്ച സമിതി നിര്‍ദ്ദേശം നല്‍കി. 142 അടിയായി ഉയര്‍ത്തണമെന്ന തമിഴ്‌നാടിന്റെ ആവശ്യം തള്ളി.

മുല്ലപ്പെരിയാര്‍ ജലനിരപ്പ് കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് നല്‍കിയ സത്യവാങ്മൂലത്തിലാണ് പ്രളയത്തിന്റെ കാരണങ്ങള്‍ വിശദീകരിക്കുന്നത്. ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളിലെയും മറ്റ് എട്ട് അണക്കെട്ടുകളിലെയും അധികജലം സംസ്ഥാനസര്‍ക്കാര്‍ കൃത്യമായ കണക്കുകൂട്ടലോടെ തുറന്ന് വിടുകയായിരുന്നു. ജലനിരപ്പ് 142 അടിയില്‍ എത്തുന്നതിന് മുന്‍പ് മുല്ലപ്പെരിയാറിലെ വെള്ളം തുറന്ന് വിടണമെന്ന് തമിഴ്‌നാടിനോട് സംസ്ഥാന സര്‍ക്കാരും സുപ്രിം കോടതി നിയമിച്ച സമിതിയും ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അനുകൂല പ്രതികരണം ലഭിച്ചില്ല.

ജലനിരപ്പ് ഉയര്‍ന്നതോടെ 13 ഷട്ടറുകളും അടിയന്തരമായി തുറന്നതാണ് മഹാപ്രളയത്തിന് ഒരു കാരണം. ഇതോടെ ഇടുക്കി അണക്കെട്ടില്‍ നിന്നും വന്‍ തോതില്‍ ജലം തുറന്നു വിടേണ്ടിവന്നു. ഭാവിയില്‍ ഇത്തരം സാഹചര്യം ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ തീരുമാനം എടുക്കുന്നതിനും അത് നടപ്പാക്കുന്നതിനും സൂപ്പര്‍ വൈസറി മാനേജ്‌മെന്റ് കമ്മിറ്റികള്‍ക്ക് രൂപം നല്‍കണമെന്നും കേരളം ആവശ്യപ്പെട്ടു. അതിനിടെ സുപ്രിം കോടതി നിയമിച്ച കേന്ദ്രസമിതിയുടെ യോഗത്തിലാണ് പ്രളയം പരിഗണിച്ച് ജലനിരപ്പ് 139 അടിയായി നിലനിര്‍ത്താനുളള തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top