കേരളത്തിലെ ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള മഹാദൗത്യം കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഒരുമിച്ച് ഏറ്റെടുക്കണം: സുധീരന്‍

വിഎം സുധീരന്‍

തിരുവന്തപുരം: കേരളത്തിലുണ്ടായ മഹാദുരന്തത്തിന്റെ കെടുതികള്‍ വരുത്തിവച്ച നാശനഷ്ടങ്ങള്‍ പറഞ്ഞറിയിക്കാനാവാത്തതാണ്. അന്തിമ വിലയിരുത്തലുകള്‍ പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ വിലയിരുത്തിയ 20,000 കോടി രൂപയേക്കാള്‍ എത്രയോ അധികമായിരിക്കും അതെന്ന കാര്യത്തില്‍ സംശയമില്ല. ജനജീവിതം സാധാരണ നിലയിലാക്കാന്‍ ഇപ്പോള്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ അപര്യാപ്തമാണെന്ന് ഏവര്‍ക്കും അറിയുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.

നാമെല്ലാം ആഗ്രഹിക്കുന്നത് പോലെ പുതിയൊരു കേരളം കെട്ടിപ്പടുക്കണമെങ്കില്‍ അതിനു വേണ്ടിവരുന്ന മനുഷ്യാധ്വാനവും സാമ്പത്തിക ബാധ്യതയും ഇപ്പോഴത്തെ കണക്കുകൂട്ടലുകള്‍ക്കപ്പുറത്താണെന്ന കാര്യത്തില്‍ സംശയമില്ല. ഈ പ്രതിസന്ധിഘട്ടത്തില്‍ കേരളം തയ്യാറാക്കുന്ന സമ്പൂര്‍ണ്ണ ദുരിതാശ്വാസപുനരധിവാസ പാക്കേജിന് അംഗീകാരം നല്‍കാനും അത് നടപ്പിലാക്കുന്നതിന് ആവശ്യമായ മുഴുവന്‍ ചെലവും വഹിക്കാനുമുള്ള ബാധ്യത കേന്ദ്രസര്‍ക്കാരിനുണ്ട്.

പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രിയുടെയും സന്ദര്‍ശനം ഈ നിര്‍ണായക ഘട്ടത്തില്‍ ആശ്വാസകരവും പ്രതീക്ഷാ നിര്‍ഭരവുമായിരുന്നു. എന്നാല്‍ അവരിരുവരും ഇതേവരെ പ്രഖ്യാപിച്ച താല്‍ക്കാലിക ആശ്വാസം കേരളത്തിന് വരുന്ന സാമ്പത്തിക ബാധ്യതയുടെ ചെറിയ ഒരു അംശം പോലും ആകുന്നില്ല. അതുകൊണ്ട് സര്‍വ്വ സാങ്കേതികത്വവും കൈവെടിഞ്ഞ് നിലവിലുള്ള ദുരിതാശ്വാസ മാനദണ്ഡങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തി യാഥാര്‍ത്ഥ്യബോധത്തോടെ സംസ്ഥാനത്തിന്റെ രക്ഷയ്ക്ക് കേന്ദ്രം എത്തിയേ മതിയാകൂ. സര്‍വതും നഷ്ടപ്പെട്ട ജനങ്ങളെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ആ മഹാദൗത്യം ഏറ്റെടുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും ഒന്നിച്ച് പ്രവര്‍ത്തിച്ചെങ്കിലേ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

യുഎഇ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുടെ സന്‍മനസ്സോടെയുള്ള സഹായ വാഗ്ദാനം ഈ ഘട്ടത്തില്‍ ഏറെ ആശ്വാസം നല്‍കുന്നതാണെന്നതില്‍ സംശയമില്ല. അതെല്ലാം കേരളത്തിന് കൂടുതല്‍ ആത്മവിശ്വാസം പകരുന്നതുമാണ്. എന്നാല്‍ കേവലം മുട്ടുന്യായം പറഞ്ഞ് അതെല്ലാം വേണ്ടെന്നു വയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം തികച്ചും നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്. ഒരു വ്യക്തിയായാലും രാജ്യമായാലും ആപത്ത് കാലത്താണ് യഥാര്‍ത്ഥ സ്‌നേഹിതരെ തിരിച്ചറിയുന്നത്. കേരളവുമായി വൈകാരിക ബന്ധമുള്ള യുഎഇ വാഗ്ദാനം ചെയ്ത 700 കോടി രൂപ വേണ്ടെന്നു വയ്ക്കാനുള്ള കേന്ദ്രതീരുമാനം തിരുത്തിയേ മതിയാകൂ എന്നും സുധീരന്‍ പറഞ്ഞു.

യുപിഎ സര്‍ക്കാരിന്റെ വിദേശ സഹായം സ്വീകരിക്കുന്നത് സംബന്ധിച്ച തീരുമാനം തിരുത്തിയതായി അന്നത്തെ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിംഗ് തന്നെ 2005 ജൂണ്‍ മൂന്നിന് സുനാമിയെ കുറിച്ചുള്ള രാഷ്ട്രത്തിനുള്ള റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇനി എന്തെങ്കിലും പോരായ്മകള്‍ ഉണ്ടെങ്കില്‍ തന്നെ എകെ ആന്റണി പറഞ്ഞതുപോലെ അതല്ലാം പൊളിച്ചെഴുതാവുന്നതേയുള്ളൂ. അതാത് കാലത്ത് രാജ്യതാല്‍പര്യത്തെയും ജനങ്ങളുടെ ആവശ്യങ്ങളെയും മുന്‍നിര്‍ത്തി നയങ്ങളില്‍ ആവശ്യമായ മാറ്റം വരുത്തുക എന്നത് ജനാധിപത്യ സര്‍ക്കാരുകളുടെ കടമയാണ്. തന്നെയുമല്ല നരേന്ദ്രമോഡി അധികാരത്തില്‍ വന്നതിന് ശേഷം 2016 ല്‍ തയ്യാറാക്കിയ ദേശീയ ദുരന്ത നിവാരണ പദ്ധതി പ്രകാരം വിദേശ സഹായം സ്വീകരിക്കുന്നതിന് തടസ്സങ്ങള്‍ ഒന്നും തന്നെ ഇല്ല. ഏതെങ്കിലും രാജ്യം ഇങ്ങോട്ട് സഹായം വാഗ്ദാനം ചെയ്താല്‍ കേന്ദ്രസര്‍ക്കാരിന് അത് സ്വീകരിക്കാമെന്നാണ് വ്യവസ്ഥ. യാഥാര്‍ത്ഥ്യം ഇതായിരിക്കെ യുഎഇ സഹായം ഉള്‍പ്പെടെയുള്ള വിദേശ സഹായങ്ങളെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ എടുത്ത തീരുമാനം പിന്‍വലിക്കണം.

സര്‍വ്വ രാജ്യങ്ങളില്‍നിന്നും യുഎന്‍. ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നുള്ള സഹായം സ്വീകരിക്കുന്നതിന് ആവശ്യമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുകയും വേണം. എത്രയെത്ര സഹായങ്ങള്‍ ലഭിച്ചാലും അതെല്ലാം പോരാതെ വരുന്ന ഈ സന്ദര്‍ഭത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്നത് പോലും നിരാകരിക്കുന്ന മോദി സര്‍ക്കാരിന്റെ തെറ്റായ നടപടി പൊളിച്ചെഴുതിയ മതിയാകൂ. അതിനായി കേരളം ഒറ്റക്കെട്ടായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തേണ്ടിയിരിക്കുന്നു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും നമ്മുടെ എംപിമാരും സമസ്ത രാഷ്ട്രീയ നേതൃത്വവും മഹാദുരന്തത്തെ നേരിടുന്നതില്‍ പ്രകടിപ്പിച്ച അതേ ഒരുമയോടെ കേരളത്തിന്റെ ശക്തമായ വികാരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കണം. നമ്മുടെ നാടിനുണ്ടായ മഹാ ദുരന്തത്തെ കുറിച്ച് ചര്‍ച്ചചെയ്യുന്നതിനും ആവശ്യമായ തുടര്‍ നടപടികള്‍ക്ക് ആക്കം കൂട്ടുന്നതിനും ആഗസ്റ്റ് 30ന് നിയമസഭ സമ്മേളനം ചേരുന്നതും സന്ദര്‍ഭോചിതമായി. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും മുന്‍കൈയെടുത്ത് കേരള ജനതയുടെ ശക്തമായ വികാരം ഇക്കാര്യത്തില്‍ പ്രതിഫലിപ്പിക്കുന്ന പ്രമേയം നിയമസഭയില്‍ ഏകകണ്ഠമായി പാസാക്കുന്നതിന് വേണ്ടതെല്ലാം ചെയ്യുകയും വേണം എന്നും സുധീരന്‍ ആവശ്യപ്പെട്ടു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top