ടെന്നീസില്‍ അങ്കിതയ്ക്ക് വെങ്കലം, പുരുഷ ഡബിള്‍സില്‍ മെഡല്‍ ഉറപ്പിച്ചു

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ മെഡല്‍ വേട്ട തുടരുന്നു. ടെന്നീസ് വനിതാ വിഭാഗത്തില്‍ വെങ്കലം ലഭിച്ചപ്പോള്‍ പുരുഷ ഡബിള്‍സില്‍ മെഡല്‍ ഉറപ്പിച്ചു. വനിതാ സിംഗിള്‍സില്‍ അങ്കിത റെയ്‌നയാണ് വെങ്കലം നേടിയത്. ഫൈനലില്‍ കടന്ന പുരുഷ വിഭാഗം ഡബിള്‍സ് സഖ്യം കുറഞ്ഞത് വെള്ളി മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്.

സെമിയില്‍ തോല്‍വി നേരിട്ടതോടെയാണ് അങ്കിതയുടെ നേട്ടം വെങ്കലത്തില്‍ ഒതുങ്ങിയത്. ചൈനയുടെ ഷാങ് ഷ്യായിയാണ് നേരിട്ടുള്ള സെറ്റുകള്‍ക്ക് അങ്കിതയെ തോല്‍പ്പിച്ചത്. സ്‌കോര്‍ 4-6, 7-6. ഇതോടെ ഏഷ്യന്‍ ഗെയിംസ് ടെന്നീസില്‍ സിംഗിള്‍സ് മെഡല്‍ നേടുന്ന രണ്ടാമത്തെ മാത്രം താരമെന്ന ബഹുമതിയും അങ്കിത സ്വന്തമാക്കി. 2010 ല്‍ സാനിയ മിര്‍സയും വെങ്കലം നേടിയിരുന്നു.

രോഹന്‍ ബൊപ്പണ്ണ-ദിവിജ് ശരണ്‍ സഖ്യമാണ് പുരുഷ ഡബിള്‍സില്‍ മെഡല്‍ ഉറപ്പാക്കിയത്. സഖ്യത്തിന് സുവര്‍ണനേട്ടം കരസ്ഥമാക്കാനാകുമോ എന്നതാണ് ഇന്ത്യന്‍ കായികപ്രേമികള്‍ ഉറ്റുനോക്കുന്നത്. സെമിയില്‍ ജപ്പാന്റെ യുസുഗി-ഷിമാ ബുക്കുറോ സഖ്യത്തെയാണ് ഇന്ത്യന്‍ ജോഡികള്‍ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷമായിരുന്നു ഇന്ത്യന്‍ സഖ്യത്തിന്റെ ജയം. സ്‌കോര്‍ 4-6, 6-3, 10-8.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top