പ്രളയക്കെടുതി: പിണറായി വിജയനെ പ്രശംസിച്ചും കേന്ദ്രത്തെ കുറ്റപ്പെടുത്തിയും കേസരിയുടെ മുഖപത്രം; ഹാക്കിംഗ് എന്ന് വിശദീകരണം


പിന്‍വലിച്ച മുഖപ്രസംഗം

ആര്‍എസ്എസിന്റെ മുഖവാരികയായ കേസരിയുടെ ഓണ്‍ലൈനില്‍ മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിച്ച് പ്രസിദ്ധീകരിച്ച് എഴുതിയ എഡിറ്റോറിയല്‍ സൈറ്റ് ഹാക്ക് ചെയ്ത് എഴുതിയതാണെന്ന് വിശദീകരണം. പ്രളയക്കെടുതി കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ കേന്ദ്രം രാഷ്ട്രീയ വിവേചനം കാണിച്ചു എന്നാതായിരുന്നു മാസികയിലെ വിമര്‍ശനം.

പ്രിയസംഘമിത്രങ്ങളെ എന്ന് അഭിസംഭോന ചെയ്ത് ഇന്നലെയാണ് എഡിറ്റോറിയല്‍ പ്രസിദ്ധീകരിച്ചത്. എന്നാല്‍ ഇത് പ്രസിദ്ധീകരിച്ച് ഒരു മണിക്കൂറിനകം തന്നെ സൈറ്റില്‍ നിന്നും നീക്കം ചെയ്യുകയും ചെയ്തിരുന്നു. വളരെ മാനസിക പ്രയാസം അനുഭവിച്ചുകൊണ്ടാണ് കേസരിയുടെ പത്രാധിപന്‍ ഈ കുറിപ്പ് എഴുതുന്നത്. ഇത്രയും നാളും നമ്മള്‍ വിശ്വസിച്ച പ്രസ്ഥാനം നമ്മള്‍ മലയാളികളോട് കാണിക്കുന്ന അവഗണന ഇനിയും തുറന്നു പറഞ്ഞില്ലെങ്കില്‍ അത് ആത്മ വഞ്ചനാകും എന്ന് എഡിറ്റോറിയലില്‍ പറയുന്നു.

പ്രളയദുരന്തം നേരിട്ട കേരളത്തിനായി മുഖ്യമന്ത്രി മര്യാദയോടെയാണ് കേന്ദ്രത്തെ സമീപിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ആ മര്യാദ തിരിച്ചു കാണിച്ചില്ല. പ്രളയത്തിനും പ്രകൃതിക്കും രാഷ്ട്രീയ വ്യത്യാസമില്ല. ചെങ്ങന്നൂരും ആറന്മുളയും സംഘപുത്രന്മാര്‍ ഏറെയുള്ള പ്രദേശങ്ങളിലാണ് പ്രളയം ഏറ്റവും അധികം നാശം വിതച്ചതെന്നും എഡിറ്റോറയലില്‍ പറയുന്നു.

എന്നാല്‍ കേസരി വാരികയുടെ വെബ്‌സൈറ്റില്‍ എഡിറ്ററുടേതെന്ന പേരില്‍ വന്ന മുഖപ്രസംഗം സൈറ്റില്‍ നുഴഞ്ഞുകയറി ആരോ എഴുതി ചേര്‍ത്തിട്ടുള്ളതാണെന്ന് മുഖ്യപത്രാധിപനായ എന്‍ആര്‍ മധു പറഞ്ഞു. ആഗസ്റ്റ് 22ന് പ്രസിദ്ധീകരിച്ചതെന്ന രീതിയിലാണ് വ്യാജ മുഖപ്രസംഗം എഴുതിയിരിക്കുന്നത്. കേസരി 24ന് ആണ് ഈ ലക്കം ഇറങ്ങുന്നത്. അതാകട്ടെ ഓണപ്പതിപ്പുമാണ്. വെള്ളപ്പൊക്കദുരന്തത്തില്‍ കേന്ദ്രഗവണ്‍മെന്റ് കേരളത്തോട് വിവേചനം കാട്ടുന്നു എന്ന രീതിയിലുള്ള മുഖപ്രസംഗം സൈറ്റില്‍ നുഴഞ്ഞു കയറിയ ശക്തികള്‍ പോസ്റ്റു ചെയ്തതാണ്. ഈ പ്രസംഗം കേസരിയുടെ അഭിപ്രായമല്ല. കേസരിയുടെ സൈറ്റ് ഹാക്ക് ചെയ്തവര്‍ക്കെതിരെ പൊലീസിലും സൈബര്‍ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top