‘അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നത് അനൗചിത്യം’; പ്രതിപക്ഷ നേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് പ്രളയദുരിതത്തില്‍പ്പെട്ടവര്‍ ഒറ്റയ്ക്കായിരിക്കില്ലെന്നും സര്‍ക്കാര്‍ എപ്പോഴും കൂടെയുണ്ടാകുമെന്ന ഉറപ്പാണ് നല്‍കാനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ഇത്തരം ദുരന്ത കാഴ്ചകളില്‍ തകര്‍ന്നുപോകരുതെന്നും അവയെല്ലാം പുനര്‍നിര്‍മ്മിക്കാന്‍ നമുക്ക് സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏത് പ്രതിസന്ധിയും അതിജീവിച്ച് നാം മുന്നേറും. ചരിത്രത്തിന്റെ താളുകളില്‍ കേരളത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ ചരിതമായി ഇത് മാറുക തന്നെ ചെയ്യും. ദുരിതത്തില്‍ തളരുകയല്ല അവയെല്ലാം അതിജീവിക്കാന്‍ നമുക്കാവണം. യുഎഇ സഹായം ലഭിക്കുന്നതിനാവശ്യമായ തടസ്സങ്ങള്‍ ഔദ്യോഗിക തലത്തില്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതാണ്. ഏതു സഹായത്തേയും സര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നു. ജനങ്ങള്‍ ഒറ്റക്കെട്ടായി പ്രതിസന്ധികളെ നേരിടുന്ന ഘട്ടമാണിതെന്നും അതില്‍ വിള്ളല്‍ വീഴ്ത്തുന്ന ഒരു പ്രവര്‍ത്തനവും ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും, അത് നാടിന്റെ പുരോഗതിക്ക് ഗുണകരമാകില്ലെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ക്കും മുഖ്യമന്ത്രി മറുപടി നല്‍കി.

കേരളമാകെ എന്നല്ല, ലോകമാകെത്തന്നെ ഇവിടുത്തെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും പുനരധിവാസ പ്രക്രിയയിലും ഇനി നടക്കാനിരിക്കുന്ന പുനര്‍നിര്‍മാണ കാര്യങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സമയമാണ്. വിദഗ്ധര്‍ ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുമ്പോട്ടുവെയ്ക്കുന്നു. ജനങ്ങള്‍ അവരാല്‍ ആകുന്ന വിധത്തിലുള്ള സഹായങ്ങള്‍ ചെയ്യുന്നു. സംസ്ഥാനങ്ങള്‍ മുതല്‍ വിദേശ രാഷ്ട്രങ്ങള്‍ വരെ സഹായധനം പ്രഖ്യാപിക്കുന്നു. എന്നാല്‍, ഇത്തരമൊരു സാഹചര്യത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുമ്പോട്ടുവന്നിട്ടുള്ളത്. ഏതു വിമര്‍ശനത്തെയും നേരിടാന്‍ സര്‍ക്കാരിന് വിഷമമില്ല. വിമര്‍ശനത്തില്‍ കഴമ്പുണ്ടാവണം എന്നു മാത്രം. വിമര്‍ശനത്തിനുവേണ്ടി മാത്രമുള്ള വിമര്‍ശനം ആവാതിരിക്കാന്‍ വിമര്‍ശകര്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്.

പ്രതിപക്ഷ നേതാവ് എണ്ണമിട്ട് കുറേ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. അവ ഓരോന്നായി എടുക്കാം. അതിന്റെ നിജസ്ഥിതി പരിശോധിക്കുകയും ചെയ്യാം. രമേശ് ചെന്നിത്തല ജൂലൈ 30ന് രാവിലെ 8.32ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു ആവശ്യം ഞാന്‍ തുടക്കത്തില്‍ത്തന്നെ വായിക്കട്ടെ, രമേശിന്റെ വാക്കുകള്‍: ‘ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കുന്നു. ഇനി 0.36 അടി കൂടി വെള്ളം നിറഞ്ഞാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനുള്ള നടപടിയാണ് വേഗം കൈക്കൊള്ളേണ്ടത്. ഷട്ടര്‍ തുറക്കുക അനിവാര്യമായി തീര്‍ന്നിരിക്കുന്നു’. ഇതില്‍നിന്ന് മൂന്ന് കാര്യങ്ങളാണ് വ്യക്തമാവുന്നത്. ഒന്ന്: ഷട്ടര്‍ തുറക്കേണ്ടത് അനിവാര്യതയായിരുന്നു. രണ്ട്: ബ്ലൂ അലര്‍ട്ടില്‍നിന്ന് ഓറഞ്ച് അലര്‍ട്ടിലേക്ക് പോയിക്കൊണ്ടിരിക്കുകയായിരുന്നു ആ ഘട്ടത്തില്‍. മൂന്ന്: ബ്ലൂ അലര്‍ട്ട് അപ്പോള്‍ത്തന്നെ പ്രഖ്യാപിച്ചിരുന്നു എന്നത് രമേശ് ചെന്നിത്തലയ്ക്ക് അറിയാമായിരുന്നു; അല്ലെങ്കില്‍ ഓറഞ്ച് അലര്‍ട്ടിനെക്കുറിച്ച് അദ്ദേഹം പറയുമായിരുന്നില്ലല്ലൊ. അലര്‍ട്ട് ഉണ്ടായിരുന്നു എന്നതിന് ഏറ്റവും വലിയ തെളിവാകുന്നുണ്ട് രമേശിന്റെ ഈ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ആഗസ്ത് 14ന് രാത്രി 8.06ന് രമേശിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ പറയുന്നു: ‘എല്ലാ തയ്യാറെടുപ്പുകളും ജില്ലാ ഭരണകൂടവും ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും കൈക്കൊണ്ടുകഴിഞ്ഞു’. അന്ന് ഭരണകൂടം വേണ്ടതെല്ലാം ചെയ്തു എന്നു പറഞ്ഞ രമേശാണ് മുന്‍കരുതലില്ലാതെ ഡാമുകള്‍ തുറന്നു എന്ന് ഇന്ന് ആക്ഷേപിക്കുന്നത്. അന്നുതന്നെ രാത്രി 8.59ന് രമേശ് ചെന്നിത്തല എഴുതിയിട്ടുള്ളത് ‘തുറന്നുവിടുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചതായാണ്’. ഇതും സമയാസമയത്ത് അറിയിപ്പ് ഉണ്ടായിരുന്നതിന്റെ തെളിവാകുന്നു. രമേശിന്റെ ആരോപണങ്ങള്‍ക്ക് രമേശ് തന്നെ ഫെയ്‌സ്ബുക്കില്‍ ഇട്ട പോസ്റ്റുകള്‍ മറുപടിയാകുന്നുണ്ട്. സത്യം ആ പോസ്റ്റുകളില്‍ ഉണ്ട് എന്നിരിക്കെ ഇത്തരമൊരു ഘട്ടത്തില്‍ അടിസ്ഥാനരഹിതമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നതില്‍ അനൗചിത്യമുണ്ട് എന്നു മാത്രം ഇപ്പോള്‍ പറയട്ടെ.

1924ല്‍ നടന്നത് പ്രകൃതിസൃഷ്ടിയായിരുന്നു എന്നും എന്നാല്‍, 2018ല്‍ നടന്നത് സര്‍ക്കാര്‍ വരുത്തിവെച്ച ദുരന്തമാണ് എന്നും പ്രതിപക്ഷ നേതാവ് പറയുന്നു. ഇതിനടിസ്ഥാനമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് മഴയുടെ കണക്കാണ്. ഇപ്പോള്‍ ഉണ്ടായതിനേക്കാള്‍ വലിയ മഴയാണ് അന്ന് ഉണ്ടായത് എന്നതിന്റെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷ നേതാവിന്റെ വിലയിരുത്തല്‍. അദ്ദേഹത്തിന്റെ കണക്കില്‍ 2018 ജൂണ്‍ ഒന്നു മുതല്‍ ആഗസ്ത് 20 വരെ കേരളത്തിനു ലഭിച്ചത് 2500 മില്ലീമീറ്റര്‍ മഴയാണ്. 1924ല്‍ 3368 മില്ലീമീറ്റര്‍ മഴ ലഭിച്ചിരുന്നുവത്രെ. ഒറ്റനോട്ടത്തില്‍ ഈ കണക്ക് സത്യമാണെന്നു തോന്നും. എന്നാല്‍ തെറ്റിദ്ധരിപ്പിക്കലാണിത്. 1924ലുണ്ടായതായി രമേശ് ഉന്നയിക്കുന്ന കണക്ക്, അതായത് 3368 മില്ലീമീറ്റര്‍ എന്നത് കാലവര്‍ഷവും തുലാവര്‍ഷവും അടക്കം ഒരു വര്‍ഷത്തിലാകെയായി കിട്ടിയ മഴയുടെ കണക്കാണ്. എന്നാല്‍, 2018ല്‍ കിട്ടിയ 2500 മില്ലീമീറ്റര്‍ എന്നത് ഈ കാലവര്‍ഷ ഘട്ടത്തിലേ മാത്രം മഴയുടെ കണക്കാണ്. ഒരു സീസണിലെ മഴയെ ഒരു വര്‍ഷത്തിലെ മഴയുമായി താരതമ്യപ്പെടുത്തി 1924ലായിരുന്നു കൂടുതല്‍ മഴ എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്.

ഇനി രമേശിന്റെ കണക്ക് അംഗീകരിച്ചാല്‍ പോലും അതായത്, ആ വര്‍ഷത്തെ മുഴുവന്‍ മഴയുമായി താരതമ്യപ്പെടുത്തിയാല്‍ പോലും ഈ സീസണില്‍ ഇവിടെ പെയ്ത മഴയുമായി 868 മില്ലീമീറ്ററിന്റെ വ്യത്യാസമേ ഉള്ളു. 1924ല്‍ കേരളത്തിലാകെ ഒരു ഡാമേ ഉണ്ടായിരുന്നുള്ളു. ഇന്ന് 42 മേജര്‍ ഡാമുകളടക്കം ആകെ 82 ഡാമുകള്‍ കേരളത്തിലുണ്ട്. ഈ ഡാമുകളെ ഫലപ്രദമായി മാനേജ് ചെയ്യാന്‍ കഴിഞ്ഞു എന്നതാണ് സത്യം. അതുകൊണ്ടാണ് 1924നേക്കാള്‍ രൂക്ഷമായ മഴ ഇത്തവണ ഉണ്ടായിട്ടും അപായങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിഞ്ഞത്. യഥാര്‍ത്ഥത്തില്‍ 1924ലേക്കാള്‍ രൂക്ഷമായിരുന്നു ഇത്തവണത്തെ മഴ. ഇതിനൊപ്പം ഇത്തവണത്തെ മഴയുടെ ഒരു പ്രത്യേകത കൂടി കാണണം. ചെറിയ സമയം കൊണ്ട് വലിയ അളവില്‍ വെള്ളം നിറയ്ക്കുന്ന ഒന്നായിരുന്നു ഇത്തവണത്തെ മഴ. ഇടുക്കിയില്‍ ഒന്നാംഘട്ട മഴയ്ക്കുശേഷം 26.07.2018 മുതല്‍ മഴ കുറഞ്ഞുവരികയായിരുന്നു. 26.07.2018ന് 54.2 മില്ലീമീറ്റര്‍ മഴ ഉണ്ടായിരുന്നത് 28.07.2018ന് 6.2 മില്ലീമീറ്ററും 06.08.2018ന് 3.2 മില്ലീമീറ്ററും ആയി കുറഞ്ഞു. 07.08.2018ന് 13.8 മില്ലീമീറ്റര്‍ മഴയേ ഉണ്ടായിരുന്നുള്ളു. ഇതുകൊണ്ടുതന്നെയാണ് ആ ഘട്ടത്തില്‍ ഷട്ടര്‍ തുറക്കാതിരുന്നത്. പക്ഷെ, 08.08.2018 ആയപ്പോള്‍ സ്ഥിതി മാറി. അന്ന് 128.6 മില്ലീമീറ്ററായി മഴ വര്‍ധിച്ചു. ഒമ്പത്, പത്ത് തീയതികളിലും ഇത് തുടര്‍ന്നു. പിന്നീട് ചെറുതായി കുറഞ്ഞ മഴ 16.08.2018ന് 295 മില്ലീമീറ്ററായി കുത്തനെ കൂടി.

കേരളത്തില്‍ പെയ്യുന്ന ശരാശരി മഴയുടെ മൂന്നിലൊന്ന് മഴ ആഗസ്ത് 14 മുതല്‍ 17 വരെയുള്ള നാലു ദിവസങ്ങള്‍ കൊണ്ട് പെയ്തു. ഇടുക്കിയില്‍ ഈ നാലുദിവസം കൊണ്ട് പെയ്തത് 811 മില്ലീമീറ്ററാണ്. ഇത് സാധാരണയുടെ ഇരട്ടിയിലധികമാണ്. കക്കിയില്‍ ഈ നാലുദിവസം കൊണ്ട് 915 മില്ലീമീറ്റര്‍ മഴയാണ് പെയ്തത്. ഇതും സാധാരണയുടെ ഇരട്ടിയില്‍ അധികമാണ്. ഇങ്ങനെയാണ് അപ്രതീക്ഷിതമായി ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നതും ഷട്ടറുകള്‍ നിയന്ത്രിതമായി തുറക്കേണ്ടി വന്നതും. കാലടി പെരുമ്പാവൂര്‍ ആലുവ പ്രദേശങ്ങളിലെ വെള്ളപ്പൊക്കത്തിന് യഥാര്‍ത്ഥത്തില്‍ ഡാമുകളില്‍ നിന്നുള്ള വെള്ളം മാത്രമല്ല കാരണം, മറിച്ച് നിയന്ത്രണമില്ലാതെ നദിയിലേക്ക് കുത്തിയൊഴുകി വന്ന വെള്ളം കൂടിയാണ്. ഇക്കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ സര്‍ക്കാര്‍ വരുത്തിവെച്ചതാണ് ഇക്കൊല്ലത്തെ ദുരിതമെന്ന് ആര്‍ക്ക് പറയാനാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top