ഡാമുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെ; പ്രളയം മനുഷ്യ സൃഷ്ടിയെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാനത്തെ ഡാമുകള്‍ തുറന്നത് മുന്നറിയിപ്പില്ലാതെയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 1924 ലെ വെള്ളപ്പൊക്കത്തോടാണ് എല്ലാവരും ഇപ്പോഴുണ്ടായ വെള്ളപ്പൊക്കത്തെ ഉപമിക്കുന്നത്. എന്നാല്‍ 1924 ലെ വെള്ളപ്പൊക്കം പ്രകൃതിയുടെ സൃഷ്ടിയായിരുന്നു. എന്നാല്‍ ഈ പ്രളയം മനുഷ്യന്റെ സൃഷ്ടിയാണ് എന്നുള്ളത് ദു:ഖകരമായ കാര്യമാണ് എന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ 41. 44 ശതമാനം മഴപെയ്തു എന്ന സത്യമാണ്. എന്നാല്‍ വെള്ളപ്പൊക്കം രൂക്ഷമായത് അതുകൊണ്ടല്ല. സംസ്ഥാനത്തെ എല്ലാ ഡാമുകളും ഒരു മുന്നറിയിപ്പും ഇല്ലാതെ ഒരുമിച്ച് തുറന്നുവിട്ടതാണ് പ്രതിസന്ധികള്‍ക്ക് കാരണമായതെന്ന് ചെന്നിത്ത ആരോപിച്ചു.

പമ്പാ നദിയിലെ ഡാമുകളും എറണാകുളം ജില്ലയിലെ ഡാമുകളും ഒരുമിച്ച് തുറന്നുവിട്ടു. ചാലക്കുടി പുഴയിലെ ആറു ഡാമുളാണ് ഒരുമിച്ച് തുറന്നുവിട്ടത്. എന്നാല്‍ ഈ ഡാമുകള്‍ എല്ലാം തുറന്നുവിടുമ്പോള്‍ അതിന്റെ പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും എന്ന് സര്‍ക്കാര്‍ മനസിലാക്കിയില്ല. കൂടാതെ ജനങ്ങള്‍ക്ക് മുന്‍കൂര്‍ ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കുകയോ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയോ ചെയ്തില്ല. എറണാകുളം ജില്ലയിലെ കാലടി, പെരുമ്പാവൂര്‍, പറവൂര്‍, വക്കം, പന്തളം തുടങ്ങി അതീരൂക്ഷമായ പ്രളയം ഉണ്ടായ ഒരിടത്തും മുന്നറിയിപ്പ് ഉണ്ടായിട്ടില്ല.

ജൂലൈ പകുതി കഴിഞ്ഞപ്പോള്‍ തന്നെ ഇടുക്കിയിലെ ഡാമുകളില്‍ പകുതി ജലം നിറഞ്ഞിരുന്നു. മഴ ശക്തിപ്രാപിക്കും എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അതെല്ലാം സംസ്ഥാന സര്‍ക്കാരും കെഎസ്ഇബിയും അവഗണിച്ചു. വ്യാപകമായ ഉരുള്‍ പൊട്ടല്‍ സാധ്യത നില നിന്നിരുന്നു. ഇതിനൊക്കെ പുറമേ മുല്ലപ്പെരിയാര്‍ നിറഞ്ഞ് അവിടെ നിന്നുള്ള വെള്ളവും ഇടുക്കിയിലെത്താനുള്ള സാധ്യത ഉണ്ടായിരുന്നു. എന്നിട്ടും ജലനിരപ്പ് പിടിച്ചു നിര്‍ത്താന്‍ ലാഭക്കൊതിയന്മാരായ വൈദ്യുതി ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ നടപടികള്‍ ഒന്നും എടുത്തിട്ടില്ലെന്നും ചെന്നിത്തല ആരോപിച്ചു. ഇടുക്കിയിലെ ജലനിരപ്പ് 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞിരുന്നു. എന്നാല്‍ ട്രയല്‍ റണ്‍ നടത്തിയില്ല. ജലനിരപ്പ് 2400 അടിയാകുന്നതുവരെ സര്‍ക്കാര്‍ കാത്തിരിക്കുകയായിരുവെന്നും രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

DONT MISS
Top