സൗരഭ് ചൗധരിയും ലക്ഷ്യം കണ്ടു, ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം

ജക്കാര്‍ത്ത: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് മൂന്നാം സ്വര്‍ണം. ഷൂട്ടിംഗിലാണ് ഇന്ത്യ മൂന്നാം സ്വര്‍ണം സ്വന്തമാക്കിയത്. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ പതിനാറുകാരന്‍ സൗരഭ് ചൗധരിയാണ് സ്വര്‍ണമണിഞ്ഞത്. ഇതേ ഇനത്തില്‍ അഭിഷേക് വര്‍മ ഇന്ത്യയ്ക്കായി വെങ്കലവും കരസ്ഥമാക്കി. 50 മീറ്റര്‍ എയര്‍ റൈഫിള്‍സില്‍ സഞ്ജീവ് രജ്പുത് വെള്ളി നേടി. ഇതോടെ ഇന്ത്യയുടെ മൊത്തം മെഡല്‍നേട്ടം ഒന്‍പതായി. മൂന്ന് വീതം സ്വര്‍ണവും വെള്ളിയും വെങ്കലവുമാണ് ഇന്ത്യ ഇതുവരെ നേടിയിരിക്കുന്നത്. ഇതില്‍ ആറ് മെഡലുകളും ഷൂട്ടിംഗ് റെയ്ഞ്ചില്‍ നിന്നാണ് ലഭിച്ചിരിക്കുന്നത്.

രണ്ടാം ദിനത്തില്‍ വനിതകളുടെ 50 കിലോഗ്രാം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയിരുന്നു. ഏഷ്യന്‍ ഗെയിംസ് ഗുസ്തിയില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന നേട്ടം ഇതോടെ വിനേഷ് സ്വന്തമാക്കുകയും ചെയ്തു. ഫൈനലില്‍ ജപ്പാന്റെ യൂകി ഇറിയെ 6-2 ന് തകര്‍ത്തായിരുന്നു വിനേഷിന്റെ സ്വര്‍ണനേട്ടം. നേരത്തെ ഗെയിംസിന്റെ ആദ്യ ദിനത്തില്‍ ഗുസ്തിയില്‍ ബജ്‌റംഗ് പൂനിയയാണ് ഇന്ത്യയുടെ ആദ്യ സ്വര്‍ണം നേടിയത്.

പുരുഷവിഭാഗം ഷൂട്ടിംഗ് ട്രാപ്പില്‍ ലക്ഷയ്, പത്ത് മീറ്റര്‍ എയര്‍ റൈഫിളില്‍ ദീപക് കുമാര്‍ എന്നിവര്‍ വെള്ളിനേടി. പത്ത് മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീമിനത്തില്‍ അപൂര്‍വി ചന്ദേല, രവി കുമാര്‍ എന്നിവര്‍ വെങ്കലും സ്വന്തമാക്കി. ഓഗസ്റ്റ് 19 നാണ് ഗെയിംസ് ആരംഭിച്ചത്.

DONT MISS
Top