സര്‍ക്കാര്‍ ദുരഭിമാനം വെടിയണം; രക്ഷാ ചുമതല പൂര്‍ണമായും സൈന്യത്തിന് നല്‍കണമെന്ന് ചെന്നിത്തല

രമേശ് ചെന്നിത്തല

തിരുവനന്തപുരം: സര്‍ക്കാര്‍ ദുരഭിമാനം വെടിഞ്ഞ് ജനങ്ങളുടെ ജീവന്‍ രക്ഷിക്കാനായി രക്ഷാ ചുമതല പൂര്‍ണമായും സൈന്യത്തിന് നല്‍കണം എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം, റാന്നിയുടെ പലഭാഗങ്ങള്‍, ആറന്മുള, ആലുവ, പറവൂര്‍, ആങ്കമാലി, ചാലക്കുടി എന്നിവടങ്ങളിലെല്ലാം സ്ഥിതിഗതി ദയനീയമാണ്. കഴിഞ്ഞ നാല് ദിവസമായിട്ടും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചിട്ടില്ല.

സൈന്യത്തെ രക്ഷാപ്രവര്‍ത്തനം ഏല്‍പ്പിക്കണം എന്നും കൂടുതല്‍ സൈന്യത്തെ വിന്യസിക്കണം എന്നുമാണ് പ്രതിപക്ഷം സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. ഇന്നാണ് സേനയുടെ സാന്നിധ്യം ഉണ്ടാകുന്നത്. ഇവരുടെ സാന്നിധ്യം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഉറപ്പാക്കേണ്ടതായിരുന്നു. 15 ആം തീയതി മുതല്‍ ഈ ആവശ്യം ഉന്നയിക്കുകയാണ്. എന്നാല്‍ മുഖ്യമന്ത്രി അന്ന് തന്റെ ആവശ്യത്തെ പുച്ഛിച്ച് തള്ളി. ഇനിയെങ്കിലും രക്ഷാപ്രവര്‍ത്തനം പൂര്‍ണമായും സൈന്യത്തെ ഏല്‍പ്പിക്കണം എന്ന് കൈകൂപ്പി അഭ്യര്‍ത്ഥിക്കുകയാണെന്നും ആദ്ദേഹം പറഞ്ഞു.

കേരളത്തിലെ പ്രളയക്കെടുതിയെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം എന്ന് പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ടു.  500 കോടിരൂപയുടെ ധനസഹായമാണ് പ്രധാനമന്ത്രി ഇന്ന് പ്രഖ്യാപിച്ചത്. എന്നാല്‍ ആയിരം കോടിയുടെ ധനസഹായം പ്രഖ്യാപിക്കും എന്നാണ് താന്‍ കരുതിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. അതിനാല്‍ ഇനിയും സഹായങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

DONT MISS
Top