കുറ്റ്യാടി ചുരം വഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു

കോഴിക്കോട് കളക്ടര്‍

കോഴിക്കോട്: കോഴിക്കോട് നിന്ന് വയനാട്ടിലേക്ക് കുറ്റ്യാടി ചുരം വഴി വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ചുരത്തിലെ ഒന്‍പതാം വളവില്‍ വലിയ വിള്ളലുണ്ടായതിനാലാണ് നിരോധനം.

അതേസമയം ജില്ലയില്‍ ശക്തമായി തുടരുന്ന കാലവര്‍ഷത്തില്‍ ഏഴായിരത്തോളം പേരെ ദുരിതബാധിതരായി മാറ്റി പാര്‍പ്പിച്ചു. 69 ക്യാമ്പുകള്‍ തുറന്നു. 1789 കുടുംബങ്ങളിലായി 6600 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. മൂവായിരത്തോളം പേര്‍ സ്വന്തം വീടുകളില്‍ നിന്ന് ബന്ധുവീടുകളിലേക്ക് മാറിയിട്ടുണ്ട്. കോഴിക്കോട് വീണ്ടും ഉരുള്‍പ്പൊട്ടലുണ്ടായ കണ്ണപ്പന്‍ കുണ്ടില്‍ ആര്‍മി സേനാംഗങ്ങള്‍ പ്രവര്‍ത്തനം തുടരുകയാണ്. വെള്ളപ്പൊക്കമുണ്ടായ മുക്കത്തും കുറ്റ്യാടി ചുരത്തിലും കക്കയത്തും ദേശീയ ദുരന്തനിവാരണ സേനയെ വിന്യസിച്ചു.

മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മഴ ശക്തമായി തുടരുന്നതിനാല്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും മലയോരത്തും ചുരം റോഡിലും ഉള്ള യാത്രകള്‍ പരിമിതപ്പെടുത്തണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. പുഴകളില്‍ വെള്ളം ഏറിയതിനാല്‍ സമീപവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്നും, കുട്ടികള്‍ (പ്രത്യേകിച്ച് അവധിയായതിനാല്‍) കുളത്തിലോ, വെള്ളക്കെട്ടുളളിടത്തേക്കോ, പുഴയിലോ പോകാതിരിക്കാള്‍ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.

DONT MISS
Top