വെള്ളപ്പൊക്ക കെടുതി: എല്ലാ സഹായവും ലഭ്യമാക്കുമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: പ്രളയം കാരണം കേരളം നേരിടുന്ന ഗുരുതരമായ സ്ഥിതിവിശേഷം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചു. ആവശ്യമായ എല്ലാ സഹായവും ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പു നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. നദികളെല്ലാം കരകവിഞ്ഞൊഴുകുകയാണെന്നും അണക്കെട്ടുകളെല്ലാം തുറന്നിരിക്കുകയാണെന്നും പല വില്ലേജുകളും ഒറ്റപ്പെട്ടിരിക്കുകയാണെന്നും പ്രധാനമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍മിയുടെയും എന്‍ഡിആര്‍എഫിന്റെയും ആര്‍മി എഞ്ചിനീയറിംഗ് കോറിന്റെയും കൂടുതല്‍ വിഭാഗങ്ങളെ ഉടനെ കേരളത്തിലേക്ക് അയക്കണമെന്ന് ആഭ്യന്തര മന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. എന്‍ഡിആര്‍എഫ് അംഗങ്ങളെ അത്യാവശ്യസ്ഥലങ്ങളില്‍ എത്തിക്കുന്നതിനും രക്ഷാപ്രവര്‍ത്തനത്തിനുളള ഉപകരണങ്ങള്‍ കൊണ്ടുപോകുന്നതിനും സി-17 വിമാനങ്ങള്‍ അനുവദിക്കണമെന്നും കൂടുതല്‍ ഡിങ്കി ബോട്ടുകള്‍ വിമാനത്തില്‍ എത്തിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയില്‍ എത്തിയിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയുമായി സംസാരിക്കണമെന്നും ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു. മുല്ലപ്പെരിയാറിലേക്ക് വന്നുചേരുന്ന വെള്ളത്തിന്റെ അളവ് പുറത്തുവിടുന്ന വെള്ളത്തേക്കാള്‍ അധികമാണ്. അതിനാല്‍ ജലനിരപ്പ് 139 അടിയിലേക്ക് കുറച്ചുകൊണ്ടുവരുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ അടിയന്തരമായി ഇടപെടേണ്ടതുണ്ട്, മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര ആഭ്യന്തരമന്ത്രിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തില്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരസെക്രട്ടറി തമിഴ്‌നാട് ചീഫ് സെക്രട്ടറിയുമായി സംസാരിക്കുകയുണ്ടായി. ഇക്കാര്യം പിന്നീട് രാജ്‌നാഥ് സിംഗ് അറിയിച്ചു. എന്‍ഡിആര്‍എഫിന്റെ കൂടുതല്‍ വിഭാഗങ്ങളെ കേരളത്തിലേക്ക് അയക്കുമെന്നും കൂടുതല്‍ ഡിങ്കി ബോട്ടുകള്‍ എത്തിക്കുമെന്നും അദ്ദേഹം
അറിയിച്ചു. ഗവര്‍ണര്‍ പി സദാശിവത്തെ രാജ്ഭവനില്‍ സന്ദര്‍ശിച്ച് പ്രളയദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുഖ്യമന്ത്രി ധരിപ്പിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top