കൊച്ചി മെഡിസിറ്റി പദ്ധതി: നിലം നികത്താനുള്ള അനുമതി പിന്‍വലിച്ച നടപടി സുപ്രിം കോടതി ശരിവച്ചു

ദില്ലി: കൊച്ചി മെഡിസിറ്റി പദ്ധതിയ്ക്ക് നിലം നികത്താനുള്ള അനുമതി പിന്‍വലിച്ചതിന് എതിരായ ഹര്‍ജി സുപ്രിം കോടതി തള്ളി. കടമക്കുടിയില്‍ 47 ഏക്കര്‍ നിലം നികത്താനുള്ള അനുമതിയാണ് സര്‍ക്കാര്‍ നേരത്തെ പിന്‍വലിച്ചത്. അതേസമയം, കൊച്ചി മെഡിസിറ്റി ഉടമകള്‍ക്ക് ആവശ്യവുമായി സര്‍ക്കാരിനെ സമീപിക്കാന്‍ കോടതി അനുമതി നല്‍കി.

അലോപ്പതി, ആയുര്‍വേദ ചികിത്സാകേന്ദ്രങ്ങളും മെഡിക്കല്‍ വിദ്യാഭ്യാസം, ഗവേഷണം തുടങ്ങി ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളും ഒരുകുടക്കീഴില്‍ കൊണ്ടുവരുന്ന പദ്ധതിക്കാണ് കൊച്ചി മെഡിസിറ്റി വിഭാവനം ചെയ്തത്. പദ്ധതിക്കായി കടമക്കുടിയില്‍ കണ്ടെത്തിയ ഭൂമിയില്‍ 47 ഏക്കര്‍ നിലമാണ്. ഇത് നികത്താന്‍ പൊതുആവശ്യം മുന്‍നിര്‍ത്തിയുള്ള പദ്ധതിയെന്ന നിലയില്‍ അനുമതി നല്‍കാമെന്ന് കളക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് നല്‍കി. സമാന റിപ്പോര്‍ട്ടാണ് പ്രിന്‍സിപ്പല്‍ കൃഷി ഓഫിസറും നല്‍കിയത്. ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ കടമക്കുടിയിലെ കൊച്ചിന്‍ മെഡിസിറ്റി പദ്ധതിക്ക് 47 ഏക്കര്‍ നിലം നികത്താന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അനുമതി നല്‍കിയത്.

എന്നാല്‍ ഈ തീരുമാനം വിവാദമായതോടെ നല്‍കിയ അനുമതി സംസ്ഥാന റവന്യു വകുപ്പ് പിന്‍വലിച്ചു. സംസ്ഥാനസര്‍ക്കാര്‍ ഉത്തരവിനെതിരെ മെഡിസിറ്റി ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ഉണ്ടായില്ല. സംസ്ഥാനസര്‍ക്കാരിനെ വീണ്ടും സമീപിക്കാനായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. എന്നാല്‍ ഒരിക്കല്‍ ലഭിച്ച അനുമതി സര്‍ക്കാരിന് പിന്‍വലിക്കാന്‍ അവകാശം ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കൊച്ചി മെഡിസിറ്റി സുപ്രിം കോടതിയെ സമീപിച്ചത്.

സംസ്ഥാനസര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കാന്‍ ആകില്ലെന്ന് സുപ്രിം കോടതി വ്യക്തമാക്കി. ഹൈക്കോടതി വിധിക്കെതിരെ മെഡിസിറ്റി അധികൃതര്‍ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. അതേസമയം, വയല്‍ നികത്തുന്നതിനുള്ള ആവശ്യവുമായി കൊച്ചി മെഡിസിറ്റി ഉടമകള്‍ക്ക് സര്‍ക്കാരിനെ സമീപിക്കാന്‍ കോടതി അനുമതി നല്‍കി.

DONT MISS
Top