ബിഷപ് ഫ്രാങ്കോയെ ചോദ്യം ചെയ്ത് അന്വേഷണസംഘം മടങ്ങുന്നു, അറസ്റ്റ് ഉടനില്ല


ദില്ലി: കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാതെ അന്വേഷണസംഘം കേരളത്തിലേക്ക് മടങ്ങുന്നു. ബിഷപ്പിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാനുള്ള നീക്കം അന്വേഷണസംഘം ഉപേക്ഷിച്ചു. പീഡനം നടന്നു എന്ന് ആരോപിക്കുന്ന ദിവസങ്ങളില്‍ താന്‍ കുറവിലങ്ങാട്ടെ മഠത്തില്‍ എത്തിയിരുന്നില്ലെന്ന ബിഷപ്പിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധന നടത്താന്‍ അന്വേഷണസംഘം തീരുമാനിക്കുകയായിരുന്നു. കേരളത്തില്‍ മടങ്ങിയെത്തുന്ന അന്വേഷണസംഘം ഡിജിപി ലോക്നാഥ് ബെഹ്റയുമായി കൂടിക്കാഴ്ച നടത്തും. ഇതിനിടെ പൊലീസ് നടപടി ഉണ്ടായാല്‍ ബിഷപ്പ് പദവിയില്‍ നിന്ന് ഫ്രാങ്കോ മുളയ്ക്കലിനെ മാറ്റി നിര്‍ത്തിയേക്കും എന്നാണ് സൂചന.

ഇന്നലെ രാത്രി എട്ട് മണി മുതല്‍ ഇന്ന് പുലര്‍ച്ചെ 4.30 വരെ ഫ്രാങ്കോ മുളയ്ക്കലിനെ കന്യാസ്ത്രീയുടെ പീഡന പരാതി അന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്ത്വത്തിലുള്ള പ്രത്യേകസംഘം ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിനോട് ബിഷപ്പ് പൂര്‍ണ്ണമായും സഹകരിച്ചുവെന്ന് വ്യക്തമാക്കിയ അന്വേഷണസംഘം എന്നാല്‍ ബിഷപ്പ് നല്‍കിയ ചില മൊഴികളും തങ്ങള്‍ക്ക് ലഭിച്ച മറ്റ് ചില തെളിവുകളും തമ്മില്‍ പൊരുത്തക്കേട് ഉണ്ടെന്ന് ചൂണ്ടിക്കാട്ടി.

തന്നെ കുറവിലങ്ങാട്ടെ മഠത്തില്‍ വച്ച് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പറയുന്ന ദിവസങ്ങളില്‍ താന്‍ മഠത്തിലേ പോയിട്ടില്ലെന്നാണ് ബിഷപ്പിന്റെ മൊഴി. ഇത് സാധൂകരിക്കുന്നതിനുള്ള തെളിവുകളും അദ്ദേഹം അന്വേഷണഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ ഹാജരാക്കി. ഈ തെളിവുകള്‍ ശാസ്ത്രീയ പരിശോധന നടത്തിയ ശേഷമേ തുടര്‍നടപടി ഉണ്ടാകൂ എന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

അതേസമയം, അന്വേഷണസംഘത്തലവന്‍ ഇന്നലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യുഷന്‍ സുരേഷ് ബാബു തോമസ് മുഖാന്തരം കേരള ഹൈക്കോടതിക്ക് കൈമാറിയ അന്വേഷണ തല്‍സ്ഥിതി റിപ്പോര്‍ട്ടില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്നതിന് തെളിവുകള്‍ ലഭിച്ചതായി വ്യക്തമാക്കിയിരുന്നു. ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടും എന്തുകൊണ്ട് അറസ്റ്റ് ഉണ്ടായില്ല എന്നതില്‍ ദുരൂഹത തുടരുകയാണ്.

DONT MISS
Top