ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ നീക്കം; ജലന്ധറിലെ ബിഷപ് ഹൗസിന് മുന്നില്‍ പൊലീസിനെ വിന്യസിച്ചു

ജലന്ധര്‍: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കം പൊലീസ് ആരംഭിച്ചു. ഇതിന് മുന്നോടിയായി ജലന്ധറിലെ ബിഷപ് ഹൗസിന് മുന്നില്‍ സായുധ പൊലീസിനെ വിന്യസിച്ചു. ബിഷപ് ഫ്രാങ്കോയെ കസ്റ്റടിയിലെടുമ്പോള്‍ അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ചാണിത്.

ബിഷപ് ഹൗസിലേക്കുള്ള വഴികള്‍ പഞ്ചാബ് പൊലീസിന്റെ സായുധ സംഘം ബാരിക്കേഡുകള്‍ ഉപയോഗിച്ച് തടഞ്ഞിരിക്കുകയാണ്. പള്ളിക്ക് മുന്നില്‍ വടം കെട്ടി തിരിച്ചിട്ടുണ്ട്. റോഡിന് ഇരുവശവും ബാരിക്കേഡുകളും സ്ഥാപിച്ചിട്ടുണ്ട്. വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ബിഷപിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുക.

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് അറസ്റ്റ് ചെയ്‌തേക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് ശേഷമെ അറസ്റ്റില്‍ തീരുമാനം എടുക്കൂയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ബിഷപ്പിനെതിരായ കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ വന്ന പൊതുതാത്പര്യ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.

അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് ഹൈക്കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. കേസിന്റെ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുമെന്നും എഡിജിപി അറിയിച്ചു. 2014 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇത്ര പഴക്കമുള്ള കേസ് ആയതിനാലാണ് തെളിവുശേഖരണം വൈകുന്നത്. സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

കേസിലെ തെളിവെടുപ്പ് ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ്. കന്യാസ്ത്രീയുടെ പരാതിയെ സാധൂകരിക്കുന്ന നിരവധി തെളിവുകള്‍ അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ബിഷപ് ഫ്രാങ്കോയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top