പ്രളയദുരന്തത്തെ ഒറ്റമനസോടെ നേരിടാന്‍ കേരളം: സഹായഹസ്തവുമായി അയല്‍സംസ്ഥാനങ്ങളും, ദുരിതാശ്വാസ നിധിയിലേക്ക് സഹായം പ്രവഹിക്കുന്നു


തിരുവനന്തപുരം: ചരിത്രത്തില്‍ ഇന്നുവരെ നേരിട്ടിട്ടില്ലാത്ത പ്രകൃതി ദുരന്തത്തിനാണ് കേരളം ഇത്തവണ സാക്ഷ്യം വഹിച്ചിരിക്കുന്നത്. കാലവര്‍ഷം കലിതുള്ളി ആര്‍ത്തിരമ്പിയപ്പോള്‍ കേരളം പകച്ചുനിന്നു. മലവെള്ളപ്പാച്ചിലും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും നിരവധി ജില്ലകളെ ദുരന്തത്തിലേക്ക് തള്ളിയിട്ടു. നിരവധി ജീവനുകള്‍ പൊലിഞ്ഞു. പതിനായിരക്കണക്കിന് ആളുകള്‍ നിരാലംബരായി. വീടും വസ്തുവകകളും ഉള്‍പ്പെടെ സ്വന്തമായിരുന്നതെല്ലാം നഷ്ടപ്പെട്ട് ആശയറ്റവരെപ്പോലെ ആയിരിക്കുകയാണ് ദുരന്തബാധിതര്‍.

സംസ്ഥാനത്ത് 8,000 കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. ദുരന്തബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടെന്നും എല്ലാ സഹായങ്ങളും നല്‍കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ദുരന്തത്തെ ഒറ്റമനസോടെ ഒറ്റക്കെട്ടായി നേരിടാന്‍ കൈകോര്‍ത്തുകഴിഞ്ഞു കേരളം. ദുരന്തബാധിതരെ സഹായിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഇതിനോടകം നിരവധി പേര്‍ സഹായങ്ങള്‍ നല്‍കിക്കഴിഞ്ഞു. എംഎല്‍എമാരും എംപിമാരും മന്ത്രിമാരും സംഭാവന നല്‍കുന്നുണ്ട്. അയല്‍സംസ്ഥാനങ്ങളും കേരളത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം സഹായങ്ങളും പ്രഖ്യാപിച്ച് കഴിഞ്ഞു. സഹായഹസ്തങ്ങള്‍ നീളുകയാണ്.

കര്‍ണാടക സര്‍ക്കാര്‍ പത്ത് കോടിയും തമിഴ്‌നാട് സര്‍ക്കാര്‍ അഞ്ച് കോടിയും സംസ്ഥാനത്തിന് വാഗ്ദാനം ചെയ്തിട്ടുണ്ട്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി നല്‍കി. നടന്‍ മോഹന്‍ലാല്‍ 25 ലക്ഷം നല്‍കും. മമ്മൂട്ടി 15 ലക്ഷവും മകന്‍ ദുല്‍ഖര്‍ സല്‍മാന്‍ 10 ലക്ഷവും നല്‍കി. മലയാള ചലച്ചിത്രതാരങ്ങളുടെ സംഘടനയായ അമ്മ പത്ത് ലക്ഷത്തിന്റെ ചെക്ക് നല്‍കി. കൂടുതല്‍ സഹായം ലഭ്യമാക്കുമെന്ന് സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ഒരു ലക്ഷവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളവും നല്‍കി. ഒ രാജഗോപാല്‍ എംഎല്‍എ ഒരു മാസത്തെ ശമ്പളമായ 50,000 രൂപ നല്‍കി. മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ഒരു ലക്ഷം രൂപ നല്‍കി. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഒരു മാസത്തെ ശമ്പളമായ 90,512 രൂപ നല്‍കി. മന്ത്രി കെകെ ശൈലജ, എംപി വീരേന്ദ്രകുമാര്‍ എംപി എന്നിവര്‍ ഒരു മാസത്തെ ശമ്പളം നല്‍കും. സിപിഐയുടെ മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ഒരു മാസത്തെ ശമ്പളം നല്‍കും. ഇതരസംസ്ഥാനങ്ങളിലെയും ഗള്‍ഫിലെയും നിരവധി മലയാളി സംഘടനകള്‍ ഓണാഘോഷങ്ങള്‍ റദ്ദാക്കി സംസ്ഥാനത്തിന് സഹായം കൈമാറാന്‍ തീരുമാനിച്ചു.

ആസ്റ്റര്‍ ഹെല്‍ത്ത്‌കെയര്‍ സ്ഥാപകചെയര്‍മാനും എംഡിയുമായ ആസാദ് മൂപ്പന്‍ 50 ലക്ഷം രൂപ നല്‍കി. ഉജാല നിര്‍മാതാക്കളായ മുംബൈ ജ്യോതി ലബോറട്ടറീസ് എംഡി എംപി രാമചന്ദ്രന്‍ ഒരു കോടി രൂപ നല്‍കും. മാന്ത്രികന്‍ ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തിലുള്ള മാജിക് പ്ലാനറ്റിലെ ഒരു ദിവസത്തെ വരുമാനവും ജീവനക്കാരുടെ ശമ്പളവും നല്‍കും. ഓള്‍ കേരള റീടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ ആദ്യ ഗഡുവായി 10 ലക്ഷം രൂപ നല്‍കും. റേഷന്‍ വ്യാപാരികളില്‍ നിന്ന് പിരിച്ചാകും തുക നല്‍കുക. യുഎഇ എക്‌സചേഞ്ച് ചെയര്‍മാന്‍ ബിആര്‍ ഷെട്ടി രണ്ട് കോടി രൂപ നല്‍കി. എന്‍ജിഒ യൂണിയന്‍ 34 ലക്ഷവും കെഎസ്ടിഎ 24 ലക്ഷവും നല്‍കി.

തമിഴ്‌നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഡിഎംകെ ഒരു കോടി രൂപ കൈമാറി. നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ഹാസന്‍ 25 ലക്ഷം നല്‍കി. തമിഴ്താരങ്ങളായ സൂര്യയും സഹോദരന്‍ കാര്‍ത്തിയും 25 ലക്ഷം രൂപ നല്‍കും. തമിഴ്‌നാട്ടിലെ പ്രമുഖ ടിവി ചാനലായ വിജയ് ടിവി 25 ലക്ഷം രൂപ കൈമാറി. തമിഴ് ചലച്ചിത്ര താരങ്ങളുടെ കൂട്ടായ്മയായ തെന്നിന്ത്യന്‍ നടികര്‍ സംഘം അഞ്ച് ലക്ഷം രൂപ നല്‍കി. തെലുങ്ക് നടന്‍ വിജയ് ദേവരുഗൊണ്ട അഞ്ച് ലക്ഷം രൂപ നല്‍കി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top