സോമനാഥ് പാര്‍ലമെന്റ് പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃക; മുഖ്യമന്ത്രി അനുശോചനം രേഖപ്പെടുത്തി

തിരുവനന്തപുരം: അന്തരിച്ച് മുന്‍ ലോക്‌സഭ സ്പീക്കറും സിപിഐഎം നേതാവുമായ സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വിഎസ് അച്യുതാനന്ദവും അനുശോചനം രേഖപ്പെടുത്തി. രാജ്യത്തിന് അതിപ്രഗ്തഭനായ പാര്‍ലമെന്റേറിയനെയാണ് സോമനാഥ് ചാറ്റര്‍ജിയുടെ വേര്‍പാടിലൂടെ നഷ്ടപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പത്തു തവണ ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം പാര്‍ലമെന്റില്‍ ഇടുതപക്ഷത്തിന്റെ ഉറച്ച ശബ്ദമായിരുന്നു. നിര്‍ണായക ഘട്ടങ്ങളിലടക്കം ദീര്‍ഘകാലം അദ്ദേഹം പാര്‍ലമെന്റില്‍ സിപിഐഎമ്മിനെ നയിച്ചു.

കേന്ദ്ര സര്‍ക്കാരുകളുടെ അനീതിയും ജനവിരുദ്ധ നയങ്ങളും തുറന്നു കാട്ടുന്നതില്‍ പാര്‍ലമെന്റിന്റെ വേദി അദ്ദേഹം സമര്‍ഥമായി ഉപയോഗിച്ചു. ജനവിരുദ്ധമായ നിയമനിര്‍ണങ്ങളെ എതിര്‍ത്തു പരാജയപ്പെടുത്തുന്നതിലും ജനക്ഷേമകരമായ നിയമങ്ങള്‍ രൂപപ്പെടുത്തുന്നതിലും നിയമപണ്ഡിതന്‍ കൂടിയായ അദ്ദേഹം വഹിച്ച പങ്ക് എന്നും സ്മരിക്കപ്പെടും. കുപ്രസിദ്ധമായ ബൊഫോഴ്‌സ് ഇടപാട് ഉള്‍പ്പെടെയുളള അഴിമതികള്‍ തുറന്നുകാണിക്കുന്നതില്‍ സോമനാഥിന്റെ ഇടപെടലുകള്‍ നിര്‍ണായകമായിരുന്നു എന്നും മുഖ്യമന്ത്രി പറഞ്ഞു.

പാര്‍ലമെന്ററി ജനാധിപത്യവും ഭരണഘടനാമൂല്യങ്ങളും കടുത്ത വെല്ലുവിളി നേരിടുന്ന വേളയില്‍ സോമനാഥിന്റെ നിര്യാണം വലിയ നഷ്ടം തന്നെയാണ്. എല്ലാ വിഭാഗമാളുകളുടെയും ബഹുമാനം ആര്‍ജിച്ച വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെത്. ലോക്‌സഭയിലെ സംവാദങ്ങള്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് കൊണ്ടുപോകുന്നതിന് സോമനാഥ് നല്‍കിയ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന് ഉദാത്ത മാതൃകയായിരുന്നു സോമനാഥ് എന്നും മുഖ്യമന്ത്രി പറഞ്ഞു.

കറകളഞ്ഞ കമ്യൂണിസ്റ്റ് നേതാവായിരുന്നു, സോമനാഥ് ചാറ്റര്‍ജിയെന്ന് വിഎസ് അച്യുതാനന്ദന്‍

കറകളഞ്ഞ കമ്യൂണിസ്റ്റ് നേതാവായിരുന്നു, സോമനാഥ് ചാറ്റര്‍ജിയെന്ന് വിഎസ് അച്യുതാനന്ദന്‍. ഇന്ത്യന്‍ പാര്‍ലമെന്റില്‍ സിപിഐഎമ്മിന്റെ ശക്തനായ വക്താവ്. മികച്ച രാഷ്ട്രതന്ത്രജ്ഞന്‍, മികച്ച സ്പീക്കര്‍, സര്‍വ്വോപരി, ഹൃദയാലുവായ മനുഷ്യസ്‌നേഹി. സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം സോമനാഥ് ചാറ്റര്‍ജി എല്ലാ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍നിന്നും തത്വദീക്ഷയോടെ മാറി നില്‍ക്കുകയായിരുന്നു. മരണംവരെ തന്റെ ആദര്‍ശങ്ങളില്‍ വെള്ളം ചേര്‍ക്കാന്‍ അദ്ദേഹം തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ ദേഹവിയോഗം ഇന്ത്യന്‍ ജനാധിപത്യത്തിനും ഇടതുപക്ഷ രാഷ്ട്രീയത്തിനും നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും വിഎസ് പറഞ്ഞു.

രമേശ് ചെന്നിത്തല അനുശോചിച്ചു

സോമനാഥ് ചാറ്റര്‍ജിയുടെ നിര്യാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. പാര്‍ലമെന്റില്‍ ദീര്‍ഘ കാലം അദ്ദേഹത്തോടൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ഒരു ജ്യേഷ്ഠ സഹോദരനപ്പോലെ തനിക്ക് ഉപദേശങ്ങളും നിര്‍ദേശങ്ങളും തരാറുണ്ടായിരുന്നു അദ്ദേഹം. ഇന്ത്യയിലെ കമ്യുണിസ്റ്റ് ഇടതു പക്ഷ പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ തികച്ചും പ്രായോഗികവും കാലോചിതവുമായ രാഷ്ട്രീയ സമീപനങ്ങള്‍ ഉള്‍ക്കൊള്ള വ്യക്തിത്വം കൂടിയായിരുന്നു അദ്ദേഹമെന്നും അതു കൊണ്ട് ഇന്ത്യ കണ്ട ഏറ്റവും മികച്ച ലോക്സഭാ സ്പീക്കര്‍മാരില്‍ ഒരാള്‍ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

DONT MISS
Top