കേരളത്തിലെ സ്ഥിതി ഗുരുതരം, കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണ ഉറപ്പ് നല്‍കുന്നു: രാജ്‌നാഥ് സിംഗ്

കൊച്ചി: കാലവര്‍ഷം ദുരന്തം തീര്‍ത്ത കേരളത്തിന്റെ സ്ഥിതി ഗുരുതരമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. ദുരന്തത്തെ അതിജീവിക്കാന്‍ സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു. കൊച്ചിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ സന്ദര്‍ശനം നടത്തവെ പ്രതികരിക്കുകയായിരുന്നു രാജ്‌നാഥ് സിംഗ്. പറവൂരിലെ ഇളന്തിക്കര ക്യാമ്പാണ് രാജ്‌നാഥ് സിംഗ് സന്ദര്‍ശിച്ചത്.

കേരളത്തിലെ സ്ഥിതി അതീവഗുരുതരമാണ്. കേരളത്തിന് കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണ വാഗ്ദാനം ചെയ്യുന്നു. വളരെ മികച്ച രീതിയിലാണ് കേരളം ദുരന്തത്തെ നേരിടുന്നത്. കേന്ദ്രമന്ത്രി പറഞ്ഞു.

ദുരന്തബാധിതര്‍ക്കൊപ്പം സംസ്ഥാനസര്‍ക്കാര്‍ ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാലവര്‍ഷക്കെടുതിയില്‍ വീടുകളിലുണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ആവശ്യമായ എല്ലാ സഹായങ്ങളും സര്‍ക്കാര്‍ നല്‍കും. സര്‍ക്കാരിന്റെ എല്ലാ പിന്തുണയും സഹായവും ഉണ്ടാകും. എല്ലാ കാര്യങ്ങള്‍ക്കും സര്‍ക്കാര്‍ ദുരുതബാധിതര്‍ക്ക് ഒപ്പം ഉണ്ടാകും. മുഖ്യമന്ത്രി വ്യക്തമാക്കി.

കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം, മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, വിഎസ് സുനില്‍ കുമാര്‍, മാത്യു ടി തോമസ്, കെവി തോമസ് എംപി, വിഡി സതീശന്‍ എംഎല്‍എ എന്നിവരും ഒപ്പമുണ്ടായിരുന്നു.

DONT MISS
Top