കന്യാസ്ത്രീയുടെ പീഡനപരാതി: ബിഷപ് ഫ്രാങ്കോയെ ഉടന്‍ കസ്റ്റഡിയിലെടുക്കും

ദില്ലി: കന്യാസ്ത്രീ നല്‍കിയ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ അന്വേഷണസംഘം ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്ന് സൂചന. ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ മതിയായ തെളിവുകള്‍ ലഭിച്ചതായാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്. നാളെയോ മറ്റന്നാളോ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാനാണ് സാധ്യത.

കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണസംഘം മൊഴിയെടുപ്പ് തുടരുകയാണ്. ഇതില്‍ ചിലരില്‍ നിന്ന് ബിഷപ്പനെതിരെ നിര്‍ണായകമായ മൊഴി ലഭിച്ചിട്ടുണ്ട്. മിഷണറീസ് ഓഫ് ജീസസിന്റെ കേന്ദ്രആസ്ഥാനത്തെ കന്യാസ്ത്രീകള്‍ ബിഷപ്പിനെതിരെ ശക്തമായ മൊഴി നല്‍കിയിട്ടുണ്ട്. ബിഷപ് ഫ്രാങ്കോ ‘ഇടയനോടൊപ്പം ഒരു ദിവസം’ എന്ന പേരില്‍ നടത്തിയിരുന്ന പ്രാര്‍ത്ഥനയ്ക്കിടെ തങ്ങള്‍ക്ക് മോശം അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് മൊഴി. ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന മൊഴികള്‍.

പ്രാര്‍ത്ഥനയുടെ പേരില്‍ ബിഷപ് അര്‍ദ്ധരാത്രിയില്‍ പോലും പാസ്റ്ററല്‍ ഹൗസിലേക്ക് വിളിപ്പിച്ചിരുന്നെന്നും ഇത് വിവാദമായതോടെ സഭ പരിപാടി നിര്‍ത്തിവയ്പ്പിച്ചെന്നും മൊഴിയില്‍ പറയുന്നു. വൈക്കം ഡിവൈഎസ്പി സുഭാഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് മൊഴിയെടുത്തത്.

രൂപതയിലെ തന്നെ വൈദികരില്‍ നിന്നും ബിഷപ്പിനെതിരായ മൊഴി അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ബിഷപ്പിനെതിരായ പരാതി കന്യാസ്ത്രീ നേരത്തെ തന്നെ നല്‍കിയിരുന്നതായി രൂപതയിലെ ഒരു വൈദികന്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണ് സൂചന.

DONT MISS
Top