പാലക്കാട് നേരിട്ടത് ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കം; താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍ ദുരിതത്തില്‍

പാലക്കാട്: ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമുണ്ടായ പാലക്കാട് ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളിലെ കുടുംബങ്ങള്‍ ഇപ്പോഴും ദുരിതത്തിലാണ്. വെള്ളകെട്ടുകള്‍ പൂര്‍ണമായും ഇറങ്ങിയെങ്കിലും വീടുകളില്‍ ചെളിയും മറ്റും നിറഞ്ഞതിനാല്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ തന്നെ തുടരുകയാണ് ഭൂരിഭാഗം പേരും.

അപ്രതീക്ഷിതമായി ഉണ്ടായ വെള്ളപൊക്കം ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വരുത്തിയത് കോടികളുടെ നാശനഷ്ടമാണ്. നിരവധി കുടുംബങ്ങള്‍ക്ക് സ്വന്തം വീടുകള്‍ നഷ്ടപ്പെട്ടു. സാധനങ്ങള്‍ പലതും ഒലിച്ചു പോയി.

നഗരത്തിലെ കെഎസ് കോളനി,സുന്ദരം കോളനി, ശംഖുവാരമേട് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് വീടുകള്‍ നഷ്ടമായത്. പലപ്രദേശങ്ങളില്‍ നിന്നും വെള്ളം പൂര്‍ണമായി ഇറങ്ങിയെങ്കിലും വീടിനുള്ളില്‍ ചെളിയും മാലിന്യങ്ങളും നിറഞ്ഞ് താമസ്യയോഗ്യമല്ലാത്തതിനാല്‍ ഭൂരിഭാഗം പേരും ഇപ്പോഴും ക്യാമ്പുകളില്‍ തന്നെ തുടരുകയാണ്.

താമസിച്ചിരുന്ന വീടല്ലാതെ മറ്റൊരു സമ്പാദ്യവുമില്ലാത്തവരാണ് ഇവരില്‍ ഭൂരിഭാഗം പേരും. അതുകൊണ്ട് തന്നെ ജീവിതം സാധാരണ നിലയിലെത്താന്‍ ഇനിയുമേറെക്കാലം ഇവര്‍ക്ക് കാത്തിരിക്കേണ്ടിവരും. ആവശ്യമായ സഹായങ്ങള്‍ സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെങ്കിലും അതെല്ലാം യാഥാര്‍ത്ഥ്യമാകുന്നത് വരെ ഈ കുടുംബങ്ങളുടെ ദുരിതം തുടരും.

DONT MISS
Top