പ്രളയദുരന്തം നേരിടാന്‍ കേരളം മാതൃകാപരമായി പ്രവര്‍ത്തിച്ചു: മുഖ്യമന്ത്രി

കൊച്ചി: കാലവര്‍ഷം തീര്‍ത്ത ദുരന്തത്തെ നേരിടാന്‍ കേരളം നടത്തിയ പ്രവര്‍ത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചത് കൊണ്ടാണ് ദുരന്തത്തെ അതിജീവിക്കാനായതെന്നും മുഖ്യമന്ത്രി പറഞ്ഞു. എറണാകുളത്തെ പ്രളയബാധിത പ്രദേശങ്ങളും ദുരിതാശ്വാസക്യാമ്പുകളും സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദുരന്തത്തെ കേരളം മാതൃകാപരമായാണ് നേരിട്ടത്. ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും. മണ്ണൊലിപ്പില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്ക് ആറ് ലക്ഷം രൂപ നല്‍കും. കേടുപറ്റിയ വീടുകള്‍ക്ക് നാശനഷ്ടത്തിന്റെ തോതനുസരിച്ച് സഹായം നല്‍കും. കൃഷി നഷ്ടപ്പെട്ടവര്‍ക്കും വ്യാപ്തിയനുസരിച്ച് നഷ്ടപരിഹാരം നല്‍കും. പുസ്തകം നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളില്‍ നിന്ന് പുതിയ പുസ്തകം നല്‍കും. മുഖ്യമന്ത്രി പറഞ്ഞു.

ഇടുക്കി ഡാം തുറന്നതിനെ തുടര്‍ന്ന് പെരിയാറിന്റെ തീരത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിച്ച ദുരിതാശ്വാസ ക്യാമ്പുകള്‍ മുഖ്യമന്ത്രിയും സന്ദര്‍ശിച്ചു. റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരും മുഖ്യമന്ത്രിക്ക് ഒപ്പം ഉണ്ടായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഈ മാസം 14 വരെ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ഞായറാഴ്ച എട്ട് ജില്ലകളില്‍ കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

ആലപ്പുഴ, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ ചില സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ഇടുക്കിയിലും വയനാട്ടിലും ചില സ്ഥലങ്ങളില്‍ 14 വരെ കനത്ത മഴ തുടരും. മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയുണ്ടാവുമെന്നും അറിയിപ്പില്‍ വ്യക്തമാക്കുന്നു.

DONT MISS
Top