മുണ്ടേരി ദുരിതാശ്വാസ കേന്ദ്രം മുഖ്യമന്ത്രി സന്ദര്‍ശിച്ചു

കല്‍പ്പറ്റ: കല്‍പ്പറ്റ മുണ്ടേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ വെള്ളപ്പൊക്ക ദുരിതാശ്വസ ക്യാമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. എത്രയും വേഗം ഭവനങ്ങളിലേക്ക് മടങ്ങുന്നതിന് സാധ്യമായ എല്ലാ സഹായവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്ന് മുഖ്യമന്ത്രി നിവേദനവുമായെത്തിയവര്‍ക്ക് ഉറപ്പ് നല്‍കി.

230 കുടുംബങ്ങളില്‍ നിന്നായി മുണ്ടേരിയിലെ 849 പേരും, വേങ്ങപ്പള്ളിയിലെ 116 പേരുമുള്‍പ്പെടെ 965 പേരാണ് മുണ്ടേരി വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്യാമ്പിലുള്ളത്. മുണ്ടേരി ക്യാമ്പില്‍ ഭക്ഷണമൊരുക്കിയിരിക്കുന്നതിനെയും വൈദ്യസഹായ സൗകര്യങ്ങളും മുഖ്യമന്ത്രി അഭിനന്ദിച്ചു.

മന്ത്രിമാരായ ഇ ചന്ദ്രശേഖരന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എംഐ ഷാനവാസ് എംപി, എംഎല്‍എ മാരായ സികെ ശശീന്ദ്രന്‍, ഐസി ബാലകൃഷ്ണന്‍, ഒആര്‍ കേളു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെബി നസീമ, ചീഫ് സെക്രട്ടറി ടോം ജോസ്, റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി പിഎച്ച് കുര്യന്‍, സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ, ജില്ലാ കളക്ടര്‍ എആര്‍ അജയകുമാര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു.

രാവിലെ 7.30 ന് പ്രത്യേക ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട മുഖ്യമന്ത്രിയും സംഘവും ഇടുക്കിയില്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്നാണ് അവിടെയിറങ്ങാതെ ആദ്യം വയനാട്ടിലെത്തിയത്.

DONT MISS
Top