അമിത് ഷായുടെ റാലി ഇന്ന്; കൊല്‍ക്കത്തയില്‍ ബിജെപിക്കെതിരെ ഗോ ബാക്ക് പോസ്റ്ററുകള്‍

ബിജെപിക്കെതിരെയുള്ള പോസ്റ്ററുകള്‍

കൊല്‍ക്കത്ത: റാലിയില്‍ പങ്കെടുക്കാനായി പശ്ചിമബംഗാളില്‍ എത്തുന്ന ബിജെപി അധ്യക്ഷന്‍ അമിത് ഷായെ വരവേല്‍ക്കുന്നത് ഗോബാക്ക് പോസ്റ്ററുകള്‍. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ബിജെപിക്കെതിരെ പോസ്റ്ററുകള്‍ സ്ഥാപിച്ചിരിക്കുന്നത്. അസം പൗരത്വ രജിസ്റ്റര്‍ വിഷയം ഉന്നയിച്ചാണ് ആന്റി ബംഗാള്‍ ബിജെപി ഗോബാക്ക് എന്നെഴുതിയിട്ടുള്ള പോസ്റ്റുറുകള്‍ തൃണമൂല്‍  സ്ഥാപിച്ചിരിക്കുന്നത്.

അമിത് ഷായുടെ റാലി കടന്നു പോകുന്ന മായോ റോഡിലും അതിന് സമീപത്തുമാണ് പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്. കൊല്‍ക്കത്തയില്‍ ഒഴികെ സംസ്ഥാനവ്യാപകമായി അസം പൗരത്വ രജിസ്റ്റര്‍ വിഷയത്തില്‍ ഇന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധ റാലിയും സംഘടിപ്പിക്കുന്നത്. എന്നാല്‍ അമിത് ഷായുടെ റാലിയെ താറുമാറാക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ബിജെപിയും ആരോപിച്ചു.

അമിത് ഷായുടെ റാലിക്ക് മുഖ്യമന്ത്രി മമതാ ബാനര്‍ജി അനുമതി നല്‍കിയില്ല എന്ന് ബിജെപി പ്രവര്‍ത്തകര്‍ ആരോപിച്ചിരുന്നു. പിന്നീടാണ് പൊലീസ് അനുമതി ലഭിച്ചത്. അനുമതി ലഭിച്ചാലും ഇല്ലെങ്കിലും കൊല്‍ക്കത്തയിലേക്ക് താന്‍ പോകുമെന്ന് അമിത് ഷായും പറഞ്ഞിരുന്നു.

DONT MISS
Top