ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക്, പുനസംഘടന ഉടന്‍

തിരുവനന്തപുരം: വിവാദങ്ങളില്‍പ്പെട്ട് ഒരിക്കല്‍ നഷ്ടമായ മന്ത്രിപദത്തിലേക്ക് ഇപി ജയരാജന്‍ വീണ്ടുമെത്തുന്നു. ജയരാജനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ പാര്‍ട്ടിയ്ക്കുള്ളില്‍ ധാരണയായതായാണ് സൂചന. വെള്ളിയാഴ്ച ചേരുന്ന സിപിഐഎം നേതൃയോഗങ്ങളില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. ഇതിന് ശേഷം തിങ്കളാഴ്ച എല്‍ഡിഎഫ് യോഗവും ചേരുന്നുണ്ട്.

ബന്ധുനിയമന വിവാദത്തെ തുടര്‍ന്നാണ് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഇപി ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നത്. എന്നാല്‍ കേസില്‍ വിജിലന്‍സ് പിന്നീട് അദ്ദേഹത്തിന് ക്ലീന്‍ചിറ്റ് നല്‍കി. ഹൈക്കോടതി കേസ് തള്ളുകയും ചെയ്തു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദഗ്ധ ചികിത്സയ്ക്കായി ഈ മാസം 17 ന് അമേരിക്കയിലേക്ക് പോവുകയാണ്. ശേഷം സെപ്തംബര്‍ ആറിനേ തിരിച്ച് വരുകയുള്ളൂ. അതിനാല്‍ മുഖ്യമന്ത്രി പോകുന്നതിന് മുന്‍പ് ജയരാജന്റെ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത.

നേരത്തെ ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട എകെ ശശീന്ദ്രന്‍ അടുത്തിടെ മന്ത്രിസഭയില്‍ തിരിച്ചെത്തിയിരുന്നു. കേസില്‍ കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് അദ്ദേഹം തിരിച്ചെത്തിയത്. അതിനാല്‍ത്തന്നെ ജയരാജനും മന്ത്രിസഭയിലേക്ക് തിരിച്ച് വരാമെന്നാണ് സിപിഐഎം നിലപാട്.

DONT MISS
Top