ഡിഎംകെ നേതാക്കള്‍ മറീന ബീച്ചില്‍ എത്തി; സംസ്‌കാരചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു

ചെന്നൈ:  കരുണാനിധിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതിനുള്ള ഒരുക്കങ്ങള്‍ മറീന ബീച്ചില്‍ ആരംഭിച്ചു. കോടതി വിധി വന്ന് അല്‍പ്പസമത്തിനകം തന്നെ ഡിഎംകെ നേതാക്കള്‍ മറീന ബീച്ചില്‍ എത്തിച്ചേര്‍ന്നിരുന്നു. ഡിഎംകെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ദുരൈമുരുകന്‍, പൊന്‍മുടി, ഇവി വേലു എന്നിവരാണ്  ഇപ്പോള്‍ മറീന ബീച്ചിലെ ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.

പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും മറീന ബീച്ചില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. അന്ത്യവിശ്രമം സ്ഥലം ഒരുക്കുന്നതിനായി ഇഷ്ടിക, സിമന്റ് തുടങ്ങിയ നിര്‍മാണ സാമഗ്രഹികള്‍ ഇവിടേക്ക് കൊണ്ടുവരികയാണ്. നിര്‍മാണ തൊഴിലാളികളെയും ഇവിടേക്ക് എത്തിച്ചിട്ടുണ്ട്.

കനത്ത സുരക്ഷയാണ് മറീന ബീച്ചില്‍ ഒരുക്കിയിരിക്കുന്നത്. 500 ഓളം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. അണ്ണാ സ്മാരകത്തിന് പുറത്ത് ഡിഎംകെ പ്രവര്‍ത്തകരും കാത്തുനില്‍ക്കുന്നുണ്ട്.

കരുണാനിധിക്ക് മറീന ബീച്ചില്‍ അന്ത്യവിശ്രമം ഒരുക്കുന്നതിന് മദ്രാസ് ഹൈക്കോടതിയാണ് അനുമതി നല്‍കിയത്. മറീന ബീച്ചില്‍ കരുണാനിധിയുടെ സംസ്‌കാരം അനുവദിക്കാനാകില്ലെന്ന സംസ്ഥാനസര്‍ക്കാരിന്റെ വാദം ഹൈക്കോടതി തള്ളി. സംസ്‌കാരം മറീന ബീച്ചില്‍ നടക്കുന്നതിനെതിരെ സമര്‍പ്പിക്കപ്പെട്ട ആറോളം ഹര്‍ജികള്‍ കക്ഷികള്‍ പിന്‍വലിക്കുകയും ചെയ്തു. ഇതോടെയാണ് ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി വന്നത്.

DONT MISS
Top