‘അവര്‍ പശുക്കളെ കൊന്നു, ഞങ്ങള്‍ അവരെയും’; ആള്‍ക്കൂട്ട കൊലപാതകത്തിലെ പ്രതികളുടെ വെളിപ്പെടുത്തല്‍ പുറത്ത്‌

അല്‍വാര്‍: പശുക്കടത്തിന്റെ പേരില്‍ രാജ്യത്ത് നടന്ന രണ്ട് കൊലപാതകങ്ങളിലെ പ്രതികളുടെ വെളിപ്പെടുത്തല്‍ പുറത്ത്. എന്‍ഡിടിവി നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് പ്രതികള്‍ നിര്‍ണായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. എന്‍ഡിടിവിയുടെ വാര്‍ത്ത പുറത്തുവന്നതോടെ കേസില്‍ അടിയന്തിര ഇടപെടല്‍ വേണമെന്നാവശ്യപ്പെട്ട് ഹാപൂര്‍ ആള്‍ക്കൂട്ട കൊലപാതകത്തിലെ ഇരയുടെ അഭിഭാഷകന്‍ സുപ്രിം കോടതിയെ സമീപിച്ചു. കേസ് പരിഗണിക്കാമെന്ന് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വ്യക്തമാക്കി.

ജൂണ്‍ 18 നാണ് ഉത്തര്‍പ്രദേശിലെ ഹാപൂരില്‍ ഇറച്ചി വ്യാപാരിയായ ഖാസിം ഖുറേഷി ആള്‍ക്കൂട്ട മര്‍ദ്ദനത്തില്‍ ക്രൂരമായി കൊല്ലപ്പെട്ടത്. സമീയുദ്ദീന്‍ എന്ന കര്‍ഷകനും മര്‍ദ്ദനത്തില്‍ ക്രൂരമായി പരുക്കേറ്റിരുന്നു. കേസുമായി ബന്ധപ്പെട്ട് ഒന്‍പതു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതില്‍ നാലുപേര്‍ ജാമ്യത്തില്‍ പുറത്തിറങ്ങി. ഈ കേസില്‍ കുറ്റാരോപിതനായ രാകേഷ് സിസോഡിയയാണ് ആദ്യ വെളിപ്പെടുത്തല്‍ നടത്തിയത്. ആര്‍എസ്എസിനെയും ഹിന്ദു സംഘടനകളെയു കുറിച്ച് പഠനം നടത്താന്‍ എന്ന വ്യാജേനയാണ് മാധ്യമ സംഘം ഇയാളെ സമീപിച്ചത്.

ഖാസിം ഖുറേഷിയുടെ മൃതദേഹം

കേസുമായി തനിക്ക് ഒരു ബന്ധം ഇല്ലെന്നും സംഭവസ്ഥലത്ത് താന്‍ ഉണ്ടായിരുന്നില്ല എന്നുമാണ് സിസോഡിയ കോടതിയില്‍ പറഞ്ഞത്. എന്നാല്‍ ഒളിക്യാറയ്ക്കു മുന്നിലും ജയില്‍ അധികാരികളുടെ മുന്നിലും ഇയാള്‍ എല്ലാം തുറന്നു പറയുകയും കൊലപാതകത്തെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. അവര്‍ പശുക്കളെ കൊന്നു. ഞങ്ങള്‍ അവരെയും കൊന്നു.  ഇക്കാര്യം ജയില്‍ അധികൃതരോടും താന്‍ പറഞ്ഞിരുന്നു. എനിക്ക് ജയിലില്‍ പോകാന്‍ പേടി ഇല്ലായിരുന്നു എന്നും സിസോഡിയ പറയുന്നു.

ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോള്‍ തനിക്ക് ലഭിച്ച സ്വീകരണത്തെക്കുറിച്ചും സിസോഡിയ സംസാരിച്ചു. മൂന്ന്, നാല് കാറുകളാണ് ജയില്‍ നിന്നും കൂട്ടിക്കൊണ്ടു പോകാന്‍ എത്തിയത്. എന്റെ പേരില്‍ ജനങ്ങള്‍ മുദ്രാവാക്യങ്ങള്‍ വിളിച്ചിരുന്നു. ആളുകള്‍ എന്നെ തുറന്ന കൈകളാലാണ് സ്വീകരണം നല്‍കിയത്. അത് കണ്ടപ്പോള്‍ എനിക്ക് അഭിമാനം തോന്നിയെന്നും സിസോഡിയ പറയുന്നു. എന്റെ കൂടെയുള്ളവര്‍ സജ്ജമാണ്. ആരെങ്കിലും പശുക്കളെ കൊന്നാല്‍ അവരെ കൊന്ന് ആയിരം തവണ ജയില്‍ പോകാനും തങ്ങള്‍ തയ്യാറാണെന്നും സിസോഡിയ വെളിപ്പെടുത്തി.

പൊലീസ് നല്‍കിയ പിന്തുണയെക്കുറിച്ച് സിസോഡിയ സംസാരിച്ചു. പൊലീസ് ഞങ്ങളുടെ ഭാഗത്തായിരുന്നു. അസംഖാന്‍ അധികാരത്തില്‍ എത്തിയാലും മറിച്ച് സംഭവിക്കില്ല. (സമാജ്‌വാദി പാര്‍ട്ടി മന്ത്രിസഭയിലെ മന്ത്രിയായിരുന്നും അസംഖാന്‍). ഖാസിമിന് വെള്ളം കുടിക്കാന്‍ നല്‍കാത്ത കാര്യത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അയാള്‍ക്ക് വെള്ളം കുടിക്കാന്‍ അധികാരമില്ലെന്ന് താനാണ് പറഞ്ഞതെന്നും സിസോഡിയ പറയുന്നു.

പെഹ്‌ലു ഖാന്‍

2017 ഏപ്രിലില്‍ അല്‍വാറില്‍ വച്ച് കൊല്ലപ്പെട്ട പെഹ്‌ലു ഖാന്‍ കൊലപാതക കേസിലെ പ്രതികളെ തേടിയാണ് മാധ്യമപ്രവര്‍ത്തകര്‍ പിന്നീട് സഞ്ചരിച്ചത്. ഒന്‍പത് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതില്‍ ഒന്‍പത് പേരും ജാമ്യത്തില്‍ പുറത്തിറങ്ങിയിരിക്കുകയാണ്.  വിപിന്‍ യാദവ് എന്ന പ്രതിയാണ് ഈ കേസില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. അമേരിക്കയിൽ നിന്നുള്ള ഗവേഷകരെന്ന് പറഞ്ഞാണ്  കൂടിക്കാഴ്ച നടത്തിയത്. 1.5 മണിക്കൂറോളം പെഹ്‌ലു ഖാനെ മര്‍ദ്ദിച്ചതായി വിപിന്‍ പറയുന്നു. ആദ്യം പത്തുപേരാണ് ഉണ്ടായിരുന്നത്. പിന്നീട് ആളുകളുടെ എണ്ണം കൂടി.

പെഹ്‌ലു ഖാന്‍ വണ്ടി നിര്‍ത്താന്‍ തയ്യാറായില്ലെന്നും താന്‍ പിന്‍തുടര്‍ന്നാണ് വാഹനം തടഞ്ഞു നിര്‍ത്തിയതെന്നും വിപിന്‍ പറയുന്നു. അവരുട വാഹനത്തിന്റെ താക്കോല്‍ കൈക്കലാക്കുകയും ചെയ്തു. പിന്നീട് പെഹ്‌ലു ഖാനെ ക്രൂരമായി മര്‍ദ്ദിച്ചു. താക്കോല്‍ തന്റെ പോക്കറ്റിലായെന്നും അത് കളയാന്‍ മറന്നു പോയതിലാനാലാണ് താന്‍ കേസില്‍ പ്രതിയായതെന്നും വിപിന്‍ പറയുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top