ജസ്റ്റിസ് കെഎം ജോസഫ് സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്തു; സീനിയോറിറ്റിയില്‍ മൂന്നാമന്‍ തന്നെ

കെഎം ജോസഫ്

ദില്ലി: മലയാളിയും ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസുമായിരുന്ന കെഎം ജോസഫ് സുപ്രിം കോടതി ജഡ്ജിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സുപ്രിം കോടതിയിലെ ചീഫ് ജസ്റ്റിസ് കോടതിയില്‍ നടന്ന ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര സത്യവാചകം ചൊല്ലിക്കൊടുത്തു. സീനിയോറിറ്റിയില്‍ മൂന്നാമനായി തന്നെയാണ് കെഎം ജോസഫ് സത്യപ്രതിജ്ഞ ചെയ്തത്.

കെഎം ജോസഫിന് പുറമെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഇന്ദിര ബാനര്‍ജി, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന വിനീത് സരണ്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് സത്യപ്രതിജ്ഞ ചെയ്തവരുടെ സീനിയോറിറ്റിയില്‍ ഇന്ദിരാ ബാനര്‍ജിയാണ് ഒന്നാമത്. വിനീത് സരണ്‍ രണ്ടാമനായും സത്യപ്രതിജ്ഞ ചെയ്തു.

കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ തരംതാഴ്ത്തിയതിലുള്ള പ്രതിഷേധം കഴിഞ്ഞ ദിവസം സുപ്രിം കോടതിയിലെ ഒരു വിഭാഗം ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ നേരില്‍ക്കണ്ട് അറിയിച്ചിരുന്നു. എന്നാല്‍ കൂടിക്കാഴ്ച പ്രയോജനം ചെയ്തില്ല എന്നതാണ് സത്യപ്രതിജ്ഞാ ചടങ്ങ് തെളിയിച്ചിരിക്കുന്നത്.

ജസ്റ്റിസ് കെഎം ജോസഫിന് നാലുവര്‍ഷവും പത്തുമാസവും സുപ്രിം കോടതി ജഡ്ജിയായി തുടരാം. ഏഴ് മാസത്തോളം കൊളീജിയത്തിലും അദ്ദേഹം ഉണ്ടാകും. എന്നാല്‍ ചീഫ് ജസ്റ്റിസ് ആകാനുള്ള അവസരം അദ്ദേഹത്തിന് ലഭിക്കില്ല. 2023 ജൂണ്‍ 16 നാണ് അദ്ദേഹം വിരമിക്കുന്നത്. ഇന്ദിരാ ബാനര്‍ജി 2022 സെപ്തംബര്‍ 23 നും വിനീത് സരണ്‍ 2022 മെയ് 10 നും വിരമിക്കും.

ജനുവരി 10 ന് പ്രമുഖ അഭിഭാഷക ഇന്ദു മല്‍ഹോത്രയ്‌ക്കൊപ്പം കെഎം ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ മാല് മാസത്തോളം ശുപാര്‍ശയില്‍ തീരുമാനം എടുക്കാതിരുന്ന കേന്ദ്രസര്‍ക്കാര്‍ ഏപ്രില്‍ രണ്ടിന് ഇന്ദു മല്‍ഹോത്രയുടെ പേര് മാത്രമാണ് അംഗീകരിച്ചത്. പിന്നീട് മറ്റ് രണ്ട് ജഡ്ജിമാര്‍ക്കൊപ്പം രണ്ടാമതും ജസ്റ്റിസ് ജോസഫിന്റെ പേര് കൊളീജിയം ശുപാര്‍ശ ചെയ്യുകയായിരുന്നു. ഈ ശുപാര്‍ശ കേന്ദ്രം അംഗീകരിക്കാകയായിരുന്നു. ജനുവരിയിലെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചിരുന്നെങ്കില്‍ സുപ്രിം കോടതിയില്‍ അഞ്ച് വര്‍ഷത്തെ കാലാവധി ജസ്റ്റിസ് കെഎം ജോസഫിന് ലഭിക്കുമായിരുന്നു.

DONT MISS
Top