ജസ്റ്റിസ് രുമ പാലിന് ചീഫ് ജസ്റ്റിസ് പദവി നഷ്ടപ്പെടുത്തിയ ദുരൂഹ സത്യപ്രതിജ്ഞ

ചരിത്രത്തിൽ ജഡ്ജിമാരുടെ വിവാദ സത്യപ്രതിജ്ഞകളുടെ പട്ടികയിൽ സ്ഥാനം പിടിക്കുന്ന ഒരു സത്യാപ്രതിജ്ഞ ചടങ്ങിന് നാളെ സുപ്രിംകോടതിയിലെ ചീഫ് ജസ്റ്റിസ് കോടതി സാക്ഷ്യം വഹിക്കും. സുപ്രീം കോടതി കൊളീജിയം ആദ്യം ശുപാർശ ചെയ്തിട്ടും നാളെ സത്യാപ്രതിജ്ഞ ചെയ്യുന്നവരുടെ സീനിയോറിറ്റി പട്ടികയിൽ മൂന്നാമതായ ജസ്റ്റിസ് കെ എം ജോസഫിന്റെ സത്യപ്രതിജ്ഞ. എന്നാൽ സുപ്രിം കോടതിയുടെ ചരിത്രത്തിലെ ആദ്യ വിവാദ സത്യാപ്രതിജ്ഞ എന്ന സ്ഥാനം ജസ്റ്റിസ് കെ എം ജോസഫിന്റെ സത്യാപ്രതിജ്ഞക്ക് നൽകാൻ ഇന്ത്യയിലെ കോടതി നടപടികൾ ഗഹനമായി നിരീക്ഷിക്കുന്ന പലരും തയ്യാർ ആകില്ല.

2000 ജനുവരി 29 ന് ആണ് സുപ്രീം കോടതി സുവർണ്ണ ജൂബിലി ആഘോഷിച്ചത്. അതിന് തൊട്ട് തലേ ദിവസം ആയിരുന്നു വിവാദവും ദുരൂഹവും ആയ സത്യപ്രതിജ്ഞക്ക് ചീഫ് ജസ്റ്റിസ് കോടതി സാക്ഷ്യം വഹിച്ചത്. ഒന്ന് അല്ല രണ്ട് സത്യപ്രതിജ്ഞ ചടങ്ങുൾക്ക് ആണ് അന്ന് ചീഫ് ജസ്റ്റിസ് കോടതിയിൽ നടന്നത്. ഹിമാചൽ പ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ദൊരൈസ്വാമി രാജു, കൊൽക്കത്ത ഹൈകോടതിയിലെ ജഡ്ജി ആയിരുന്ന ജസ്റ്റിസ് രുമ പാൽ ബോംബെ ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് വൈ കെ സബർവാൾ എന്നിവരെ സുപ്രിം കോടതി ജഡ്ജിമാരായി നിയമിച്ച് കൊണ്ടുള്ള വിജ്ഞാപനം രാഷ്‌ട്രപതി ഭവൻ പുറത്ത് ഇറക്കിയത് നൂറ്റാണ്ടിലെ ആദ്യ റിപ്പബ്ലിക് ദിനം രാജ്യം ആചരിക്കുന്നതിന്റെ തൊട്ട് തലേന്നാൾ ആയിരുന്നു.

പുതിയ ജഡ്ജിമാരുടെ സത്യാപ്രതിജ്ഞ 2000 ജനുവരി 29 ന് നടത്താൻ സുപ്രിം കോടതി ചീഫ് ജസ്റ്റിസ് തീരുമാനിച്ചു. എന്നാൽ ജനുവരി 27 ന് വൈകിട്ട് സത്യപ്രതിജ്ഞ 28 ലേക്ക് മാറ്റാൻ ചീഫ് ജസ്റ്റിസ് എ എസ് ആനന്ദ് തീരുമാനിച്ചു. സുവർണ്ണ ജൂബിലി ആഘോഷങ്ങളെ തുടർന്ന് ജനുവരി 29 ന് കോടതിക്ക് അവധി ആയതിനാൽ ആണ് ഈ മാറ്റം എന്നായിരുന്നു ഔദ്യോഗിക വിശദീകരണം. മൂന്ന് ജഡ്ജിമാർക്കും സുപ്രീം കോടതി രെജിസ്ട്രിയിൽ നിന്ന് ടെലിഗ്രാം സന്ദേശം അയച്ചു. രണ്ട് ജഡ്ജിമാർക്ക് ആ സന്ദേശം ലഭിച്ചു. ഒരാൾക്ക് കിട്ടിയത് പിറ്റേന്ന് രാവിലെ മാത്രം.

സുപ്രിംകോടതി രെജിസ്ട്രിയിൽ നിന്ന് അറിയിപ്പ് ലഭിച്ച ജസ്റ്റിസ് ദൊരൈസ്വാമി രാജുവും ജസ്റ്റിസ് വൈ കെ സബർവാളും ജനുവരി 28 ന് രാവിലെ വന്ന് സത്യാപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു. ജസ്റ്റിസ് രുമ പാൽ ഡൽഹിയിൽ എത്തിയത് അന്ന് ഉച്ചക്ക് മാത്രം. ഉച്ചക്ക് ശേഷം ജസ്റ്റിസ് രുമ പാലിന്റെ സത്യാപ്രതിജ്ഞ ചീഫ് ജസ്റ്റിസ് കോടതിയിൽ നടന്നു. സീനിയോറിറ്റി ഇപ്രകാരം ആയി ജസ്റ്റിസ് ദൊരൈസ്വാമി രാജു, ജസ്റ്റിസ് വൈ കെ സബർവാൾ, ജസ്റ്റിസ് രുമ പാൽ. രാഷ്‌ട്രപതി ഭവൻ പുറത്ത് ഇറക്കിയ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ സത്യാപ്രതിജ്ഞ നടന്നിരുന്നു എങ്കിൽ സീനിയോറിറ്റി ഇപ്രകാരം ആകുമായിരുന്നു ജസ്റ്റിസ് ദൊരൈസ്വാമി രാജു, ജസ്റ്റിസ് രുമ പാൽ, ജസ്റ്റിസ് വൈ കെ സബർവാൾ.

രണ്ടാമത് ആയിരുന്നു ജസ്റ്റിസ് രുമ പാൽ സത്യപ്രതിജ്ഞ ചെയ്തിരുന്നത് എങ്കിൽ 2005 ഒക്ടോബർ 31 ന് ആർ സി ലാഹോട്ടി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ചതിന് ശേഷം സുപ്രിംകോടതിക്ക് ഒരു വനിത ചീഫ് ജസ്റ്റിസിനെ ലഭിക്കുമായിരുന്നു. 2006 ജൂൺ 2 വരെ ജസ്റ്റിസ് രുമ പാൽ ആകുമായിരുന്നു ഇന്ത്യയുടെ ചീഫ് ജസ്റ്റിസ്. എന്നാൽ സത്യപ്രതിജ്ഞ മൂന്നാമത് ആയത് കൊണ്ട് സീനിയോറിറ്റി ജസ്റ്റിസ് വൈ കെ സബർവാളിന് ലഭിച്ചു. ആർ സി ലാഹോട്ടി ചീഫ് ജസ്റ്റിസ് പദവിയിൽ നിന്ന് വിരമിച്ചതിന് ശേഷം ചീഫ് ജസ്റ്റിസ് പദവിയിൽ ജസ്റ്റിസ് വൈ കെ സബർവാൾ എത്തി. 2007 ജനുവരി 13 വരെ ജസ്റ്റിസ് വൈ കെ സബർവാൾ ചീഫ് ജസ്റ്റിസ് പദവിയിൽ തുടർന്നു.

സത്യപ്രതിജ്ഞ നേരത്തെ ആക്കിയത് എന്ത് കൊണ്ട് ജസ്റ്റിസ് രുമ പാലിനെ അറിയിക്കാൻ വൈകി എന്നത് ഇപ്പോഴും ദുരൂഹം ആയി തുടരുന്ന ഒരു വസ്തുത ആണ്. ജസ്റ്റിസ് വൈ കെ സബർവാളിന് ചീഫ് ജസ്റ്റിസ് കൂടുതൽ കാലം ലഭിക്കാൻ വേണ്ടി ആണെന്ന ആരോപണം ഉൾപ്പടെ പലതും കേട്ടിട്ടുണ്ട്. എന്നാൽ സത്യം എന്താണ് എന്ന് അറിയില്ല. പക്ഷേ ഈ കൊളീജിയം ശുപാർശ തന്നെ വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. അർഹത ഉണ്ടായിരുന്ന ഒരു മലയാളിയെ ഒഴിവാക്കി ആയിരുന്നു ഈ ശുപാർശ.

ചീഫ് ജസ്റ്റിസ് എ എസ് ആനന്ദ്, ജസ്റ്റിസ് എസ് പി ബറൂച്ച, ജസ്റ്റിസ് സുജാത മനോഹർ, ജസ്റ്റിസ് സാഗിർ അഹമ്മദ്, ജസ്റ്റിസ് ബി എൻ കൃപാൽ എന്നിവർ ആയിരുന്നു അക്കാലത്ത് കൊളീജിയത്തിലെ അംഗങ്ങൾ. ഗുജറാത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് കെ ജി ബാലകൃഷ്‌ണൻ ആയിരുന്നു അക്കാലത്ത് ഹൈകോടതി ചീഫ് ജസ്റ്റിസ്മാരിൽ ഏറ്റവും സീനിയർ. എന്നാൽ 1999 നവംബറിൽ കൊളീജിയം ജസ്റ്റിസ് കെ ജി ബാലകൃഷണനെ ഒഴിവാക്കി ആണ് ശുപാർശ നൽകിയത്. കൊളീജിയത്തിന്റെ ശുപാർശ നിയമമന്ത്രാലയം രാഷ്ട്രപതി ഭവന് അയച്ചു. ഒന്നര മാസം ആ ശുപാർശ പിടിച്ച് വച്ച രാഷ്‌ട്രപതി കെ ആർ നാരായണൻ ഒടുവിൽ ഒപ്പു വയ്ക്കാതെ തിരികെ സർക്കാരിന് മടക്കി.

സർക്കാർ വെട്ടിലായി. ഒടുവിൽ നിയമമന്ത്രി ആയിരുന്ന റാം ജെത്മലാനി ചീഫ് ജസ്റ്റിസും ആയി വിഷയം ചർച്ച ചെയ്തു. ഒടുവിൽ സമവായ നിർദ്ദേശം തയ്യാർ ആയി. 2001 ജനുവരി 15 ന് ജസ്റ്റിസ് കുർദുർക്കർ വിരമിക്കുന്ന ഒഴിവിലേക്ക് കൊളീജിയം ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെ ശുപാർശ ചെയ്യും. ഈ ഉറപ്പ് വാക്കാൽ ലഭിച്ച ശേഷം മാത്രമേ രാഷ്ട്രപതി കെ ആർ നാരായണൻ ജസ്റ്റിസ് ദൊരൈസ്വാമി രാജു, ജസ്റ്റിസ് രുമ പാൽ, ജസ്റ്റിസ് വൈ കെ സബർവാൾ എന്നിവരുടെ നിയമന ഉത്തരവിൽ ഒപ്പു വച്ചുള്ളു. ആദ്യ ശുപാർശയിൽ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിൽ സ്ഥാനം പിടിച്ചിരുന്നു എങ്കിൽ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിൽ അഞ്ച് വർഷത്തോളം ലഭിക്കുമായിരുന്നു.

ജഡ്ജിമാരുടെ നിയമനവും ആയി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിക്കില്ല. സുതാര്യത ഇല്ലാത്തടുത്തോളം അത് അത് ഇങ്ങനെ തുടർന്ന് കൊണ്ടേ ഇരിക്കും.

(ഈ വിവാദങ്ങൾക്ക് സാക്ഷ്യം വഹിച്ച ജുഡിഷ്യറിയിലെ ചില വ്യക്തികളും ആയി സംസാരിച്ചു എങ്കിലും ആരും ഔദ്യോഗികമായി പ്രതികരിക്കാൻ തയ്യാറായില്ല)

DONT MISS
Top