ജസ്റ്റിസ് കെഎം ജോസഫിനെ ജൂനിയറാക്കിയ നടപടി: ജഡ്ജിമാര്‍ പ്രതിഷേധം അറിയിച്ചു, ഇടപെടാമെന്ന് ചീഫ് ജസ്റ്റിസ്

കെഎം ജോസഫ്

ദില്ലി: സുപ്രിം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് കെഎം ജോസഫിന്റെ സീനിയോറിറ്റി താഴ്ത്തിയതില്‍ ഒരു വിഭാഗം സുപ്രിം കോടതി ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയെ പ്രതിഷേധം അറിയിച്ചു. വിഷയം ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, അറ്റോര്‍ണി ജനറല്‍ എന്നിവരുമായി ചര്‍ച്ച ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ജഡ്ജിമാര്‍ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ നാളത്തെ സത്യപ്രതിജ്ഞ ചടങ്ങില്‍ ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യപ്രതിജ്ഞ മുന്‍ നിശ്ചയിച്ചത് പോലെ മൂന്നാമത് തന്നെ ആയിരിക്കുമെന്ന് സുപ്രിം കോടതി വൃത്തങ്ങള്‍ അറിയിച്ചു.

സുപ്രിം കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട ജസ്റ്റിസ് കെഎം ജോസഫിനെ സീനിയോറിറ്റിയില്‍ താഴ്ത്തിയതിലുള്ള പ്രതിഷേധം ഒരു വിഭാഗം ജഡ്ജിമാര്‍ ഇന്ന് രാവിലെയാണ് ചീഫ് ജസ്റ്റിസിനെ അറിയിച്ചത്. ജസ്റ്റിസ് മദന്‍ ബി ലോക്കൂര്‍, ജസ്റ്റിസ് കുര്യന്‍ ജോസഫ് എന്നിവരുടെ നേതൃത്വത്തിലാണ് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ കണ്ടത്. ജുഡീഷ്യറിയുടെ അന്തസ്സ് ഇടിക്കുന്ന തരത്തിലുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലാണ് നടന്നതെന്ന് ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനോട് പരാതിപ്പെട്ടു. വിഷയം സുപ്രീം കോടതിയിലെ സീനിയോറിറ്റിയില്‍ രണ്ടാമനായ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ എന്നിവരുമായി ചര്‍ച്ച ചെയ്യാമെന്ന് ചീഫ് ജസ്റ്റിസ് ജഡ്ജിമാര്‍ക്ക് ഉറപ്പ് നല്‍കി. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് ഇന്ന് അവധിയാണ്. ജസ്റ്റിസ് കെഎം ജോസഫിന്റെ സത്യ പ്രതിജ്ഞ ആദ്യം നടത്തണമെന്നാണ് ജഡ്ജിമാരുടെ ആവശ്യത്തില്‍ ചീഫ് ജസ്റ്റിസ് ഉറപ്പൊന്നും നല്‍കിയില്ല.

അതേസമയം, ഹൈക്കോടതിയില്‍ നിയമനം ലഭിച്ച തീയതി വെച്ച് കണക്കാക്കുമ്പോള്‍ ജസ്റ്റിസ് കെഎം ജോസഫ് ഏറ്റവും ജൂനിയര്‍ ആണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. ജസ്റ്റിസ് ഇന്ദിര ബാനര്‍ജി ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ടത് 2002 ഫെബ്രുവരി അഞ്ചിനാണ്. അതേവര്‍ഷം ഫെബ്രുവരി 14 നായിരുന്നു ജസ്റ്റിസ് വിനീത് ശരണിന്റെ ഹൈക്കോടതി നിയമനം. 2014 ഒക്ടോബര്‍ 14 നാണ് കെഎം ജോസഫ് ഹൈക്കോടതി ജഡ്ജിയായി നിയമിതനായത്. അങ്ങനെ വരുമ്പോള്‍ മൂന്ന് പേരില്‍ ഏറ്റവും ജൂനിയര്‍ കെഎം ജോസഫ് ആണെന്ന് കേന്ദ്രനിയമമന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

DONT MISS
Top