യുവതിയെ ബലാത്സംഗം ചെയ്ത കേസ്; രണ്ട് ഓര്‍ത്തഡോക്‌സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ദില്ലി: യുവതിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ട് ഓര്‍ത്തഡോക്‌സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രിം കോടതി ഇന്ന് പരിഗണിക്കും. ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസ് നാലാം പ്രതി ഫാദര്‍ ജെയിസ് കെ ജോര്‍ജ് എന്നിവര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. സുപ്രിം കോടതി നിര്‍ദേശിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ജോസി ചെറിയാന്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ചു. ഇതുവരെ നടന്ന അന്വേഷണത്തില്‍ ഇരയായ യുവതിയെ സംശയിക്കേണ്ട വസ്തുതകള്‍ ഒന്നും കണ്ടെത്തിയിട്ടില്ല എന്ന് അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യുവതി മജിസ്‌ട്രേറ്റിന് മുമ്പാകെ നല്‍കിയ രഹസ്യമൊഴിയും പരാതിയും തമ്മില്‍ പൊരുത്തക്കേടില്ല. വൈദ്യപരിശോധന നടത്തിയതില്‍ യുവതിയുടെ പരാതി ശരിയാണെന്ന് കണ്ടെത്തിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വൈദികര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുത് എന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം. കേസില്‍ കക്ഷി ചേരാന്‍ യുവതി നല്‍കിയ അപേക്ഷയും സുപ്രിം കോടതി ഇന്ന് പരിഗണിക്കും. സംസ്ഥാന സര്‍ക്കാരിന്റെ വാദത്തെ ഇരയായ യുവതിയുടെ അഭിഭാഷകര്‍ സുപ്രിം കോടതിയില്‍ പിന്തുണയ്ക്കും എന്നാണ് സൂചന.

DONT MISS
Top