കീഴാറ്റൂര്‍ ബദല്‍പാതയുടെ സാധ്യത പരിശോധിക്കുമെന്ന് കേന്ദ്രം; ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് സിപിഐഎം

ഫയല്‍ ചിത്രം

ദില്ലി: കീഴാറ്റൂരില്‍ ബദല്‍പാതയുടെ സാധ്യത പരിശോധിക്കാന്‍ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് കേന്ദ്രം. ദില്ലിയില്‍ സമരസമിതി നേതാക്കളുമായി കേന്ദ്രഉപരിതലഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അതേസമയം, കേന്ദ്രനിലപാട് പ്രതിഷേധാര്‍ഹമാണെന്നും വോട്ടിനായി ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു.

കീഴാറ്റൂര്‍ നിര്‍ദിഷ്ട ദേശീയപാതയുടെ അലൈന്‍മെന്റ് മാറ്റുന്നത് പഠിക്കാന്‍ വിദഗ്ധസംഘം രൂപീകരിക്കാനുളള കേന്ദ്രതീരുമാനം വയല്‍ക്കിളികള്‍ക്ക് ആശ്വാസവും സംസ്ഥാനസര്‍ക്കാരിന് തിരിച്ചടിയുമാണ്. സംസ്ഥാനസര്‍ക്കാര്‍ പ്രതിനിധിയെ ക്ഷണിക്കാത്ത ചര്‍ച്ചയില്‍ ബിജെപി എംപിമാരും സമരസമിതിക്കാരും പങ്കെടുത്തു. കീഴാറ്റൂരിലെത്തുന്ന കേന്ദ്രസംഘം നെല്‍കൃഷി സംരക്ഷിക്കല്‍ ഉള്‍പ്പടെയുളള കാര്യങ്ങള്‍ പരിശോധിക്കും.

സമിതിനല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും. ഇതിന് സമയപരിധിയില്ല. തുരുത്തിയിലേയും വേളാപുരത്തേയും പ്രശ്‌നങ്ങളും പരിഗണനയ്ക്ക് വരും. ദേശീയപാതയ്ക്ക് പകരം തളിപ്പറമ്പില്‍ മേല്‍പാലമാകാമെന്ന സമരക്കാരുടെ നിര്‍ദേശം ഗഡ്കരി അംഗീകരിച്ചില്ലെന്ന് ചര്‍ച്ചയ്ക്കുശേഷം കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞു. തീരുമാനം സ്വാഗതം ചെയ്യുന്നതായി വയല്‍ക്കിളി നേതാവ് സൂരേഷ് കീഴാറ്റുര്‍ പറഞ്ഞു.

കേന്ദ്രത്തിന്റേത് ഫെഡറല്‍ സംവിധാനത്തിന് തുരങ്കം വയ്ക്കുന്ന നടപടിയാണെന്നും സമിതിയുമായി സഹകരിക്കണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

DONT MISS
Top