‘സോഷ്യല്‍ മീഡിയ ഹബ്’ പദ്ധതി കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചു

ദില്ലി: സമൂഹ മാധ്യമങ്ങളിലെ ഉള്ളടക്കം നിരീക്ഷിക്കാനുള്ള വിവാദ തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറി. ‘സാമൂഹ്യ മാധ്യമ ഹബ്’ രൂപീകരിക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ കോടതിയെ അറിയിച്ചു.

നീക്കത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി കേന്ദ്രത്തിന്റെ വിശദീകരണം അംഗീകരിച്ചു കോടതി തീര്‍പ്പാക്കി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എഎം ഖാന്‍വില്‍ക്കര്‍, ഡിവൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

ഫെയ്‌സ്ബുക്കും ട്വിറ്ററും അടക്കമുള്ള സമൂഹ മാധ്യമങ്ങളിലെ അഭിപ്രായപ്രകടനങ്ങള്‍ അടക്കം നിരീക്ഷിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ജില്ലാ തലങ്ങളില്‍ നിരീക്ഷണത്തിന് ജീവനക്കാരെ നിയമിക്കാനും ശുപാര്‍ശയുണ്ടായിരുന്നു.

പദ്ധതി നടപ്പാക്കിയാല്‍ ഭരണകൂട നിരീക്ഷണത്തിലാകും രാജ്യമെന്ന് കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ പിന്മാറ്റം.

DONT MISS
Top