വിദ്യാര്‍ത്ഥിയെ രണ്ടാനമ്മ പൊള്ളലേല്‍പ്പിച്ചത് പുറത്തെത്തിച്ച അധ്യാപികയെ പുറക്കാത്തിയ സംഭവം; സ്‌കൂള്‍ അധികൃതര്‍ക്ക് എതിരെ കേസ്

രാജി

കൊല്ലം: രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം വച്ച് പൊള്ളിച്ച സംഭവം പുറത്തറിയിച്ചതിന് അധ്യാപികയെ പിരിച്ച് വിട്ട കൊല്ലം കരുനാഗപ്പള്ളി സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസ്. ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയാണ് കേസെടുത്തത്. താല്‍കാലിക അധ്യാപികയുടെ നിയമനം തന്നെ ചട്ടവിരുദ്ധമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണ്ടെത്തല്‍.

അധ്യാപികയുടെ നടപടി സ്‌കൂളിന്റെ സല്‍പേരിന് കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ചാണ് രാജി ടീച്ചറെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയത്. സംഭവം വിവാദമായതോടെ ഡിഡിഇ ഇടപെട്ടു. പിടിഎ മുന്‍കയ്യെടുത്ത് താല്‍കാലിക അധ്യാപികയെ നിയമിച്ച കാര്യം വിദ്യാഭ്യാസ വകുപ്പ് അറിഞ്ഞിട്ടില്ല. ഹെഡ്മാസ്റ്ററും പിടിഎ പ്രസിഡന്റും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ഡിഡിഇയുടെ നിലപാട്.

സ്റ്റാഫ് കമ്മിറ്റി യോഗത്തില്‍ താല്‍ക്കാലിക അധ്യാപികയോട് മോശമായി ആരെങ്കിലും സംസാരിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിക്കും. കുട്ടിയുടെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്യും. പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് അധ്യാപികയുടെ തീരുമാനം. പുതിയ സാഹചര്യത്തെ കുറിച്ച് പ്രതികരിക്കാന്‍ ഹെഡ്മാസ്റ്റര്‍ തയ്യാറായില്ല.

DONT MISS
Top