ആരോഗ്യമന്ത്രി ആലപ്പുഴയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു; പകര്‍ച്ചവ്യാധികള്‍ പ്രതിരോധിക്കാന്‍ കര്‍ശന നിര്‍ദേശം

ആലപ്പുഴ: ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടൊപ്പം ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തി. കുപ്പപ്പുറം, എന്‍എസ്എസ് ജെട്ടി എന്നീ ക്യാമ്പുകളും കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രവും മന്ത്രി സന്ദര്‍ശിച്ചു. ഇപ്പോള്‍ പകര്‍ച്ച വ്യാധികള്‍ നിയന്ത്രണ വിധേയമാണ്. എങ്കിലും വെള്ളം ഇറങ്ങുന്ന സമയത്തുണ്ടാകുന്ന വിവിധ പകര്‍ച്ച വ്യാധികളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ഏത് അടിയന്തര ഘട്ടം വന്നാലും സ്റ്റാന്‍ഡ് ബൈ ടീമിനെ സജ്ജമാക്കി നിര്‍ത്തിയിട്ടുള്ളതായും മന്ത്രി അറിയിച്ചു.

ആരോഗ്യ പ്രവര്‍ത്തകര്‍ വളരെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഇതുവരെ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എങ്കിലും കയറിയ വെള്ളം ഇറങ്ങുന്ന സമയത്ത് എലിപ്പനി, ഡെങ്കിപ്പനി, കോളറ, വയറിളക്കം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. അത് മുന്നില്‍ കണ്ടുള്ള കൃത്യമായ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് വിവിധ വിഭാഗങ്ങളുമായി ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്. വിവിധ ജില്ലകളില്‍ നിന്നായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ തുടങ്ങിയ നൂറോളം ആരോഗ്യ പ്രവര്‍ത്തകരെ സജ്ജമാക്കിയിട്ടുണ്ട്. മെഡിക്കല്‍ കോളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗവും നഴ്‌സിംഗ് കോളേജും ഈ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുന്നുണ്ട്. ഇതു കൂടാതെ ഓരോ പഞ്ചായത്തിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി ആയിരത്തോളം സന്നദ്ധ പ്രവര്‍ത്തകരുമുണ്ട്. ഓരോ വാര്‍ഡിലും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ ഇതിന് നേതൃത്വം നല്‍കുന്നു. പകര്‍ച്ച വ്യാധികളുടെ ലക്ഷണങ്ങള്‍ എവിടെയെങ്കിലും കണ്ടെത്തിയാല്‍ അറിയിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. വയറിളക്ക രോഗങ്ങള്‍ നിയന്ത്രിക്കാന്‍ ഒആര്‍എസ് ലായിനികളും പലയിടത്തായി സജ്ജമാക്കിയിട്ടുണ്ട്.

ഈ പ്രദേശങ്ങളില്‍ പാമ്പുകടിയേല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ എത്രയും വേഗം അവരെ ആശുപത്രിയില്‍ എത്തിക്കാനുള്ള സൗകര്യവും മെഡിക്കല്‍ കോളേജില്‍ മതിയായ ചികിത്സാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. അടഞ്ഞുകിടക്കുന്ന ടോയ്‌ലറ്റില്‍ നിന്നും ഗ്യാസുണ്ടായി തീപിടിക്കാനും ഇലക്ടിക് ഉപകരണങ്ങളില്‍ നിന്നും ഷോക്കുണ്ടാകാനും സാധ്യതയുള്ളതിനാല്‍ അതിനുള്ള ബോധവത്ക്കരണവും നല്‍കി വരുന്നു.

കഴിഞ്ഞ മാസം 19-ാം തീയതി മുതലാണ് ആരോഗ്യ വകുപ്പിന്റെ പ്രത്യേക സംഘം പ്രവര്‍ത്തിച്ചു വരുന്നത്. വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളെ ചമ്പക്കുളം, അമ്പലപ്പുഴ, വെളിയനാട് എന്നിങ്ങനെ മൂന്ന് ബ്ലോക്കുകളായി തിരിച്ചാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ദിവസം തോറും 12 ബോട്ടുകളിലാണ് ഇതിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്. ഒരു ബോട്ടില്‍ ഒരു ഡോക്ടറും രണ്ട്‌നഴ്‌സും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുണ്ട്. രാവിലെ 9 മണി മുതല്‍ രാത്രി 7 മണിവരെയാണ് പ്രവര്‍ത്തനം. ഈ സംഘം ഓരോ ക്യാമ്പും സന്ദര്‍ശിച്ച് ആവശ്യമായ മരുന്നുകള്‍ നല്‍കുന്നു. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അവരെ ജനറല്‍ ആശുപത്രിയിലോ മെഡിക്കല്‍ കോളേജിലോ വാട്ടര്‍ ആംബുലന്‍സ് (108 മോഡല്‍) മുഖേന എത്തിക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവരുടെ നേതൃത്വത്തില്‍ ബോധവത്ക്കരണ പരിപാടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. എല്‍സിഡി ഡിസ്‌പ്ലേ, ക്ലാസുകള്‍, ബോധവത്ക്കരണ നോട്ടീസുകള്‍ എന്നിവ വഴിയാണ് ബോധവത്ക്കരണം. കുടിക്കുന്ന വെള്ളം ശുദ്ധമാക്കുന്നതിനായി രണ്ട് ലക്ഷത്തോളം ക്ലോറിന്‍ ഗുളികകളും നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ആരോഗ്യ വകുപ്പിന്റെ മൊബൈല്‍ ഫ്‌ളോട്ടിംഗ് ലബോറട്ടറിയും സജ്ജമാക്കിയിട്ടുണ്ട്. രണ്ട് ഡോക്ടര്‍മാര്‍, രണ്ട് നഴ്‌സുമാര്‍, ഒരു ലാബ് അസിസ്റ്റന്റ്, ഒരു ഫാര്‍മസിസ്റ്റ് എന്നിവര്‍ ഈ മൊബൈല്‍ ലാബിലുണ്ട്.

കൈനകരി പഞ്ചായത്തിലെ കുപ്പപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ പുതുതായി ആരംഭിച്ച ലാബ് മന്ത്രി ഉദ്ഘാടനം ചെയ്തു. എലിപ്പനി, ജലജന്യ രോഗങ്ങള്‍ എന്നിവ തൊട്ടടുത്തുതന്നെ പരിശോധിക്കാനായാണ് ഇങ്ങനെയൊരു ലാബ് സജ്ജമാക്കിയത്.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോക്ട ആര്‍എല്‍ സരിത, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോക്ടര്‍ എ റംലാ ബീവി, എസ്പിഎം ഡോക്ടര്‍ നിത, ഭാരതീയ ചികിത്സാ വിഭാഗം ഡയറക്ടര്‍ ഡോക്ടര്‍ അനിത ജേക്കബ്, മെഡിക്കല്‍ കോളെജ് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ പുഷ്പലത, കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം മേധാവി ഡോക്ടര്‍ സൈറു ഫിലിപ്പ്, സര്‍ക്കാരിന്റെ ഡെവലപ്‌മെന്റ് അഡൈ്വസര്‍ രഞ്ജിത്ത് സിഎസ്, മിഷന്‍ മോണിറ്ററിംഗ് ടീം ഡോക്ടര്‍ ദേവകിരണ്‍, തിരുവനന്തപുരം ഡിപിഎം ഡോക്ടര്‍ അരുണ്‍ പിവി, ആലപ്പുഴ ഡിപിഎം ഡോക്ടര്‍ രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top