ശബരിമല സ്ത്രീ പ്രവേശനം: അയ്യപ്പന് സ്വകാര്യത ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഉണ്ടെന്ന് സുപ്രിംകോടതി, നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം ചൂണ്ടിക്കാട്ടി സ്ത്രീകളെ വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

ദില്ലി: ശബരിമലയിലെ അയ്യപ്പന് സ്വകാര്യത ഉള്‍പ്പെടെയുള്ള അവകാശങ്ങള്‍ ഉണ്ടെന്ന് സുപ്രിംകോടതി. എന്നാല്‍ ഈ അവകാശങ്ങള്‍ ഭരണഘടനാപരമായ പരിശോധനകള്‍ക്ക് വിധേയമാണെന്നും കോടതി പറഞ്ഞു. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം ചൂണ്ടിക്കാട്ടി സ്ത്രീകളുടെ പ്രവേശനം വിലക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. ശബരിമലയില്‍ പ്രായഭേദമന്യെ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രിംകോടതി വിധി പറയാനായി മാറ്റി.

എട്ട് ദിവസം നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ശേഷമാണ് ശബരിമല കേസ് സുപ്രിംകോടതി വിധി പറയനായി മാറ്റിയത്. നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം സംരക്ഷിക്കാന്‍ അയ്യപ്പന് അവകാശമുണ്ടെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. വിഗ്രഹത്തിന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം അടിസ്ഥാനമാക്കിയുള്ള വിശ്വാസങ്ങളെ ചോദ്യം ചെയ്യാനാവില്ല. എന്നാല്‍ വിശ്വാസത്തിന്റെ ആത്മാര്‍ത്തതയെയും ആര്‍ജവത്തെയും ചോദ്യം ചെയ്യാം. മതപരമായ കാര്യങ്ങളില്‍ നിയമ നിര്‍മാണം നടത്താന്‍ സര്‍ക്കാരിന് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് പ്രായഭേദമന്യേയുള്ള സ്ത്രീ പ്രവേശനത്തെ പിന്തുണച്ചു കേരളം വാദിച്ചു.

ശബരിമല ഭക്തര്‍ പ്രത്യേക വിഭാഗം അല്ല. അതിനാല്‍ ഭരണഘടന നല്‍കുന്ന ആരാധന സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം അവകാശപ്പെടാന്‍ കഴിയില്ല. ആര്‍ത്തവ സമയത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന കേരള ഹിന്ദു ആരാധനലയ പ്രവേശന നിയമത്തിലെ 3 ബി വകുപ്പ് റദ്ദാക്കേണ്ട. പകരം ആര്‍ത്തവസമയത്ത് സ്ത്രീകളുടെ പ്രവേശനം വിലക്കാനാവില്ലെന്ന് മാറ്റിവായിച്ചാല്‍ മതിയെന്നും സര്‍ക്കാര്‍ പറഞ്ഞു. ശബരിമലയില്‍ മാത്രമുള്ള സ്ത്രീ പ്രവേശന നിയന്ത്രണം തുല്യതയുടെ ലംഘനമാവില്ലെന്ന് ഹര്‍ജിയെ എതിര്‍ക്കുന്ന കേസിലെ അമിക്കസ് ക്യൂറി കെ രമാമൂര്‍ത്തി വാദിച്ചു. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള പ്രവേശന നിയന്ത്രണം ലിംഗ വിവേചനമാണെന്ന വാദം ഹര്‍ജിക്കാര്‍ ആവര്‍ത്തിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top