കൊട്ടിയൂര്‍ പീഡനം: മൂന്ന് പേരെ സുപ്രിം കോടതി പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

സുപ്രിം കോടതി

ദില്ലി: കൊട്ടിയൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ രണ്ട് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരെ സുപ്രിം കോടതി പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കി. അതേസമയം, ഫാദര്‍ ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി ജോസഫ് എന്നിവര്‍ വിചാരണ നേരിടണമെന്ന് കോടതി വ്യക്തമാക്കി. സ്ത്രീ പീഡന കേസുകളില്‍ കേരളത്തിലെ വൈദികര്‍ നിരന്തരം പ്രതി പട്ടികയില്‍ വരുന്നതില്‍ ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ ബെഞ്ച് അത്ഭുതം പ്രകടിപ്പിച്ചു.

കൊട്ടിയൂര്‍ പീഡന കേസില്‍ ക്രിസ്തുരാജ ആശുപത്രിയിലെ ഡോക്ടര്‍മാരായ ഹൈദരാലി, സിസ്റ്റര്‍ ടെസ്സി തോമസ്, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു എന്നിവരെയാണ് സുപ്രിം കോടതി കുറ്റവിമുക്തരാക്കിയത്. പെണ്‍കുട്ടി ഗര്‍ഭിണി ആണെന്ന വിവരം പൊലീസില്‍ നിന്ന് ഇവര്‍ മറച്ചുവച്ചുവെന്നായിരുന്നു കേസ്. എന്നാല്‍ ഇതിന് വേണ്ടത്ര തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോടതി നടപടി. ഈ മൂന്ന് പേര്‍ക്കും വേണ്ടി അഭിഭാഷകരായ ആര്‍ ബസന്ത്, രാകേന്ത് ബസന്ത് എന്നിവര്‍ ഹാജരായി.

കേസില്‍ വിചാരണ ഇന്ന് തുടങ്ങാനിരിക്കെയാണ് അടിയന്തരമായി ഉത്തരവ് ഇറക്കുന്നതെന്നും വിശദാംശങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ജസ്റ്റിസ് എകെ സിക്രി, ജസ്റ്റിസ് അശോക് ഭൂഷണ്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു. കേസില്‍ നിന്ന് കുറ്റവിമുക്തരാക്കാന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍ അധ്യക്ഷന്‍ ഫാദര്‍ ജോസഫ് തേരകവും കമ്മിറ്റി അംഗം സിസ്റ്റര്‍ ബെറ്റി ജോസഫും നല്‍കിയ ഹര്‍ജികള്‍ കോടതി തള്ളി. ഇരുവരും വിചാരണ നേരിടണം. പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം അമ്മ അറിഞ്ഞില്ലെന്ന വാദം വിശ്വസിക്കാന്‍ പ്രയാസമുണ്ടെന്ന് കോടതി പറഞ്ഞു. പെണ്‍കുട്ടിയെ പരിശോധിച്ചവര്‍ പ്രതിയാക്കപ്പെടുമ്പോള്‍ ആശുപത്രിയില്‍ കൊണ്ടുപോയ വാഹനത്തിന്റെ ഡ്രൈവറെ ഒഴിവാക്കിയത് എന്തുകൊണ്ടെന്നും കോടതി ആരാഞ്ഞു.

അതേസമയം, കേരളത്തിലെ പള്ളികളുമായി ബന്ധപ്പെട്ട് ലൈംഗിക പീഡന പരാതികള്‍ ആവര്‍ത്തിക്കുന്നതില്‍ കോടതി അത്ഭുതം രേഖപെടുത്തി. കേരളത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കോടതി ചോദിച്ചു. ബലാത്സംഗകേസില്‍ രണ്ട് ഓര്‍ത്തഡോക്‌സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യപേക്ഷ പരിഗണിക്കുന്നതും ഇതേ ബെഞ്ചാണ്.

DONT MISS
Top