ആദ്യ മലയാളി ഹജ്ജ് സംഘം പുണ്യ ഭൂമിയിലെത്തി, ഹാജിമാര്‍രെ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും കെഎംസിസി വളണ്ടിയര്‍മാരും സ്വീകരിച്ചു


ജിദ്ദ: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ആദ്യ മലയാളി ഹജ്ജ് സംഘം ഇന്ന് രാവിലെ മക്ക പുണ്യഭൂമിയിലെത്തി. സൗദി സമയം ഇന്ന് രാവിലെ 8.29 നാണ് 410 പേരടങ്ങിയ മലയാളി ഹാജിമാരുടെ ആദ്യസംഘം ജിദ്ദ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. വിമാനത്താവളത്തില്‍ ഹാജിമാരെ കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ഷേഖും മറ്റ് ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് സ്വീകരിച്ചത്. ഹജ്ജ് മിഷന്‍ ഉദ്യോഗസ്ഥരായ ആനന്ത് കുമാര്‍, മാജീദ്, ബോബി തുടയിയവര്‍ ഹാജിമാരെ സ്വീകരിക്കാനും സേവന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാനും വിമാനത്താവളത്തിലുണ്ടായിരുന്നു. ഹാജിമാരുടെ സഹായത്തിനായി ഹജ്ജ് ടെര്‍മിനലില്‍ കെഎംസിസി പ്രവര്‍ത്തകരും എത്തിയിരുന്നു.

പുലര്‍ച്ചെ നെടുമ്പാശേരിയില്‍ നിന്നും മന്ത്രി കെടി ജലീലാണ് ഫ്ലാഗ് ഓഫ് ചെയ്ത് ഹാജിമാരെ യാത്രയയച്ചത്. ജിദ്ദ വിമാനത്താവളത്തിലെ നടപടിക്രമങ്ങള്‍ അരമണിക്കൂറിനകം പൂര്‍ത്തിയാക്കിയ ഹാജിമാര്‍ മുതവഫുമാര്‍ ഒരുക്കിയ വാഹനത്തില്‍ മക്കയിലേക്ക് പുറപ്പെട്ടു. സൗദി എയര്‍വേസിന്റെ എസ്‌വി 5916 നമ്പര്‍ വിമാനത്തിലാണ് ഹാജിമാര്‍ ജിദ്ദ വിമാനത്താവളത്തിലെത്തിയത്. ഒരു ഹജ്ജ് കോ-ഓര്‍ഡിനേറ്ററും രണ്ട് ഹജ്ജ് വളണ്ടിയറും അടക്കമാണ് 410 ഹാജിമാരാരെത്തിയത്. മക്കയില്‍ അസീസിയ കാറ്റഗറിയില്‍ 284-ാം നമ്പര്‍ കെട്ടിടത്തില്‍ 16 പേര്‍, 340-ാം നമ്പര്‍ കെട്ടിടത്തില്‍ 280 പേര്‍, 290-ാം നമ്പര്‍ കെട്ടിടത്തില്‍ 114 പേര്‍ എന്നിങ്ങനെയാണ് ആദ്യ മലയാളി സംഘത്തിലെത്തിയ ഹാജിമാര്‍ക്ക് താമസസൗകര്യം ചെയ്തിട്ടുള്ളത്.

കെപി മുഹമ്മദ് കുട്ടി, അബ്ദുള്ള പാലേരി, അന്‍വര്‍ സാദാത്ത്, വിപി മുസ്തഫ, മജീദ് പുകയൂര്‍, വിപി ഉനൈസ്, ഉമ്മര്‍ അരിപ്പാമ്പ്ര, ജമാല്‍ വട്ടപ്പൊയില്‍, നൗഫല്‍ റിഹേലി, മുഹമ്മദ് തേവടത്ത്, ഇബ്രാഹിം കൊല്ലി, അബ്ദുറഹിമാന്‍ ഒളവണ്ണ തുടങ്ങിയ കെഎംസിസിയുടെ വളണ്ടിയര്‍മാരുടെ സേവനം ഹാജിമാര്‍ക്ക് ആശ്വാസകരമായി.

ഇന്ന് രാത്രി 8.15ന് സൗദി എയര്‍ലൈന്‍സിന്റെ 5924 എന്ന വിമാനത്തില്‍ 412 പേരടങ്ങിയ മറ്റൊരു മലയാളി ഹജ്ജ് സംഘവും ജിദ്ദയിലെത്തുന്നുണ്ട്. ഈ സംഘത്തില്‍ രണ്ട് വയസ്സിനു താഴെ മാത്രം പ്രായമുള്ള രണ്ട് കൊച്ചു ഹാജിമാരും പുണ്യഭൂമിയിലെത്തുന്നുണ്ട്. മലപ്പുറം സ്വദേശികളായ കുഞ്ഞഹമ്മദ്-മുനീറ ദമ്പതികളുടെ മകളായ ഫാത്തിമ ഷഹസയും പരീകുട്ടി ഹാജി ഫാത്തിമ ദമ്പതികളുടെ മകനായ മുഹമ്മദ് ഷമ്മാസ് എന്നിവരാണ് ഇന്ന് രാത്രിയില്‍ മക്കയിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ട് മലയാളി ഹാജിമാര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top