ഇടുക്കിയില്‍ ആരോഗ്യവകുപ്പ് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചതായി കെകെ ശൈലജ

കെകെ ശൈലജ

തിരുവനന്തപുരം: ഇടുക്കി ഡാമിലെ ജലനിരപ്പ് 2395 അടി കടന്നതിനാല്‍ അതിജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചു കഴിഞ്ഞതായി ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജ. ഇടുക്കി കളക്ടറുടെ നേതൃത്വത്തില്‍ രണ്ടാഴ്ച മുന്നേ തന്നെ ജില്ലാ ടാക്‌സ് ഫോഴ്‌സ് മീറ്റിംഗ് വിളിച്ചു ചേര്‍ത്ത് ഇത്തരം ഒരു സാഹചര്യം വന്നാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് അവലോകനം നടത്തിയിരുന്നതായും മന്ത്രി അറിയിച്ചു.

റവന്യു, അഗ്‌നിശമന സുരക്ഷാ സേനക്കൊപ്പം ഡോക്ടര്‍മാരും നഴ്‌സുമാരും അസിറ്റന്റ്മാരും അടങ്ങിയ നാലു മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ചെറുതോണിയിലും, തടിയമ്പാടും, ചേലച്ചുവടും സജ്ജമായിരിക്കും. അടിയന്തര സാഹചര്യം നേരിടുന്നതിനായി ഇടുക്കി ജില്ലാ ആശുപത്രിയില്‍ സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരും ഡിസാസ്റ്റര്‍ ട്രിയാജ് സംഘത്തിന്റെയും സേവനം ഒരുക്കിയിട്ടുണ്ട്. വാഴത്തോപ്പ്, മരിയപ്പുരം, കഞ്ഞിക്കുഴി, കൊന്നത്തടി, വാത്തിക്കുടി പഞ്ചായത്തുകളിലെ ആശുപത്രികളില്‍ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ ചെറുതോണി, ചപ്പാത്ത്, പനംകുട്ടി എന്നീ സ്ഥലങ്ങളില്‍ ആംബുലന്‍സ് സൗകര്യവും ഏര്‍പ്പെടുത്തി. ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ അവര്‍ സജ്ജമാണ്.

പെരിയാറിന്റെ തീരത്തുള്ളവരും വെള്ളപ്പൊക്കം ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങളും ജാഗരൂകരായി ഇരിക്കണം. വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം അടുത്തുള്ള പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കണം എന്നും മന്ത്രി അറിയിച്ചു.

ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അത് പരിശോധിച്ച ശേഷം മാത്രമാകും ഷട്ടറുകള്‍ തുറക്കുന്നത് സംബന്ധിച്ച തീരുമാനമുണ്ടാവുക. ജനങ്ങളെ മുന്‍കൂട്ടി അറിയിച്ച ശേഷം മാത്രമാകും ഷട്ടറുകള്‍ തുറക്കുന്നത്. ഇപ്പോള്‍ ജനം പരിഭ്രാന്തരാകേണ്ട സാഹചര്യം ഇല്ല. ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും നല്‍കുന്ന എല്ലാ നിര്‍ദ്ദേശങ്ങളും ഗൗരവത്തോടെ പാലിക്കണം. ആശങ്കപെടേണ്ട യാതൊരു സാഹചര്യവും നിലവിലില്ല എന്നും കെകെ ശൈലജ അറിയിച്ചു.

DONT MISS
Top